ദമ്പതികൾ പുഴയിലേക്ക് ചാടുന്നത് കണ്ടത് ലോറി ഡ്രൈവർ; ഇട്ടുകൊടുത്ത കയറിൽ പിടിച്ച് രക്ഷപ്പെട്ട് വർഷ; മുങ്ങിത്താണ ജിതിന്റെ മൃതദേഹം രണ്ടാം ദിനം കണ്ടെത്തി

ഫറോക്ക്: ഇന്നലെ രാവിലെ ഫറോക്ക് പാലത്തിൽ നിന്നും ഭാര്യയ്‌ക്കൊപ്പം ചാലിയാർ പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി കരുവമ്പ്രം ജെടിഎസ് റോഡിൽ പുളിയഞ്ചേരി ക്വാർട്ടേഴ്‌സിൽ കാരിമണ്ണിൽ തട്ടാപുറത്തു ജിതിന്റെ (31) മൃതദേഹമാണു കണ്ടെത്തിയത്.

ജിതിന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്കു 2.45നു ചെറുവണ്ണൂർ മുല്ലശ്ശേരി മമ്മിളിക്കടവിനു സമീപത്താണു കണ്ടെത്തിയത്. ജിതിനെ കാണാതായതു മുതൽ മീഞ്ചന്ത അഗ്‌നിരക്ഷാനിലയം മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയാണ് നദിയിൽ നിന്നും മൃതദേഹം കണ്ടെടുത്തത്.

യുവാവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ആറ് മാസം മുൻപ് വിവാഹിതരായവരാണ് വർഷയും ജിതിനും. ഇരുവരും ഇന്നലെ രാവിലെ പത്തരയോടെയാണു പുഴയിൽ ചാടിയത്.

ഇരുവരും പാലത്തിൽനിന്നു ചാടുന്നത് കണ്ടത് അതുവഴി വന്ന ലോറി ഡ്രൈവറായിരുന്നു. വാഹനം നിർത്തി ഡ്രൈവർ ഇട്ടുകൊടുത്ത കയറിൽ പിടിച്ചുനിന്ന വർഷയെ രക്ഷപ്പെടുത്താൻ സാധിച്ചു. പാലത്തിന്റെ തൂണിനു സമീപം മുങ്ങിപ്പോവാതിരിക്കാൻ കയറിൽ പിടിച്ചു കിടക്കുകയായിരുന്നു വർഷ.

ALSO READ- ബിജെപി വിട്ടത് രാജസേനനും ഭീമൻ രഘുവും രാമസിംഹനും; വന്നത് ചന്ദനമഴ സീരിയൽ സംവിധായകൻ സുജിത്ത് സുന്ദർ; പൊന്നാടയിട്ട് സ്വീകരിച്ച് കെ സുരേന്ദ്രൻ

തുടർന്ന് വർഷയെ പുഴയിലുണ്ടായിരുന്ന തോണിക്കാരാണു രക്ഷപെടുത്തി കരയ്‌ക്കെത്തിച്ചത്. വർഷയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. യുവതി അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. ഒഴുക്കു കൂടിയ സ്ഥലത്തേയ്ക്കു വീണ ജിതിനു കയറിൽ പിടിക്കാനായിരുന്നില്ല. കാണാതായ ജിതിനി വേണ്ടി ഇന്നലെ മുതൽ തോണിയിൽ തെരച്ചിൽ നടത്തുകയായിരുന്നു.

Exit mobile version