ജോലി കഴിഞ്ഞ് തിരിച്ച് എത്തിയപ്പോള്‍ വീടിന് ഗേറ്റില്ല, ഞെട്ടി വീട്ടുകാര്‍: മോഷ്ടാക്കളെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി പോലീസ്

തൃശൂര്‍: ജോലി കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ വീടിന്റെ ഗേറ്റ് അപ്രത്യക്ഷം, പരാതിയ്ക്ക് പിന്നാലെ മണിക്കൂറുകള്‍ക്കകം തന്നെ മോഷ്ടാക്കളെ കണ്ടെത്തി കേരള പോലീസ്. ഇന്നലെ തൃശൂരിലാണ് വിചിത്രമായ സംഭവം നടന്നത്.

മുളങ്കുന്നത്തുകാവ്, വെളപ്പായ റോഡ് എന്നിവിടങ്ങളില്‍ നിന്ന് ആള്‍ താമസമുള്ള വീടിനു മുന്‍വശം ഉറപ്പിച്ചിരുന്ന ഇരുമ്പ് ഗേറ്റുകള്‍ ഓട്ടോയില്‍ വന്ന രണ്ടംഗ സംഘം കയറ്റിക്കൊണ്ടുപോകുകയായിരുന്നു.

രാവിലെ ജോലിക്ക് പോയി തിരികെ വീട്ടിലെത്തിയപ്പോള്‍ വീടിനു മുന്നില്‍ ഗേറ്റുകളില്ലാത്തത് വീട്ടുകാരെ പരിഭ്രാന്തിയിലാക്കി. മെഡിക്കല്‍ കോളജ് പോലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മോഷണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ കണ്ടെത്തിയത്.

ഒളരിക്കര ശാന്തിനഗറില്‍ കോലാടി വീട്ടില്‍ ഷിജോ ( 31), നെല്ലിക്കുന്ന് തുണ്ടപ്പറമ്പില്‍ ബിനോയ് ( 36) എന്നിവരെയാണ് മെഡിക്കല്‍ കോളജ് എസ്.എച്ച്.ഒ. പി.പി. ജോയ് അറസ്റ്റ് ചെയ്തത്.

സി.സി.ടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളിലേക്കെത്തിയത്. ഇവര്‍ സഞ്ചരിച്ച ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തു. ഗേറ്റുകള്‍ പട്ടാമ്പി ആക്രിക്കടയില്‍ നിന്നും കണ്ടെടുത്തു. പ്രതികള്‍ മുമ്പും സമാനരീതിയിലുള്ള മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Exit mobile version