ആറ് വർഷത്തെ പ്രണയം; മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചു; ചോദ്യം ചെയ്തതിന് അപമാനിച്ചു; വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

കൊട്ടാരക്കര: കോട്ടാത്തല സ്വദേശിനിയായ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തായ സൈനികൻ അറസ്റ്റിൽ. എംഎ സൈക്കോളജി വിദ്യാർഥിനിയായ വല്ലം പത്തടി വിദ്യാ ഭവനിൽ ശ്രീലതയുടെ മകൾ വൃന്ദാ രാജി(24)ന്റെ മരണത്തിലാണ് പോലീസ് നടപടി.

പെൺകുട്ടിയുടെ സുഹൃത്തും മുൻകാമുകനുമായ കോട്ടത്തല സരിഗ ജംങ്ഷനിൽ കൃഷ്ണാഞ്ചലയിൽ അനുകൃഷ്ണൻ (27) ആണ് അറസ്റ്റിലായത്. കൊട്ടാരക്കര പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

എലിവിഷം കഴിച്ചാണ് പെൺകുട്ടി ജീവിതമവസാനിപ്പിക്കാൻ ശ്രമിച്ചത്. അവശനിലയിൽ കണ്ടെത്തിയ വൃന്ദ ചികിത്സയിലിരിക്കെ കഴിഞ്ഞ ജൂൺ 23നാണ് മരണപ്പെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ വീട്ടിൽനിന്ന് ആത്മഹത്യാ കുറിപ്പും ഡയറിയും കണ്ടെത്തിയിരുന്നു. പെൺകുട്ടിയുമായി അനുകൃഷ്ണൻ ആറ് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് ഡയറിയിൽ നിന്നും പോലീസിന് വിവരം ലഭിച്ചു.

പ്രണയകാലത്ത് ഇരുവരും പല തവണ ഒരുമിച്ച് യാത്ര ചെയ്തിരുന്നതായും പെൺകുട്ടിക്ക് യുവാവ് വിവാഹ വാഗ്ദാനം നൽകിയിരുന്നുവെന്നും പോലീസ് പറഞ്ഞു. ഒരാഴ്ച മുമ്പ് മറ്റൊരു പെൺകുട്ടിയുമായി അനുകൃഷ്ണന്റെ വിവാഹ നിശ്ചയം നടന്നിരുന്നു. ഇക്കാര്യം പെൺകുട്ടി ചോദ്യംചെയ്തപ്പോൾ യുവാവ് വാട്സാപ്പിലൂടെ അസഭ്യം പറയുകയും അപമാനിക്കുകയും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു.

ALSO READ- ഇരട്ടക്കുട്ടികളുടെ രക്തഗ്രൂപ്പിലെ സംശയം; തെളിഞ്ഞത് മറ്റൊരാളുടെ ബീജം ഉപയോഗിച്ചുള്ള കൃത്രിമ ഗർഭധാരണം; ഡൽഹി ആശുപത്രിക്ക് ഒന്നരക്കോടി പിഴ

ഇതുസംബന്ധിച്ച് യുവാവിന്റെ ഫോണിൽ നിന്ന് തെളിവുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊട്ടാരക്കര എസ്എച്ച്ഒ വിഎസ് പ്രശാന്ത്, എസ്ഐ ജി ഗോപകുമാർ, എസ്ഐ ബാലാജി, എസ്ഐ അജയകുമാർ, എസ്ഐ സുദർശന കുമാർ, സിപിഒമാരായ സഹിൽ, നഹാസ് എന്നിവരടങ്ങുന്ന സംഘമാണ് സൈബർ തെളിവുകൾ ശേഖരിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Exit mobile version