കണ്ണൂരില്‍ പോലീസ് അതീവ ജാഗ്രതയില്‍, പരിശോധന കര്‍ശനമാക്കി; ക്രമസമാധാനം നിലനിര്‍ത്തുമെന്ന് ലോക്‌നാഥ് ബെഹ്‌റ

കണ്ണൂരില്‍ രാഷ്ട്രീയ നേതാക്കളുടെ വീടിന് നേരെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നിലുള്ളവരെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയെന്നും ഡിജിപി വ്യക്തമാക്കി

കണ്ണൂര്‍: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന്റെ പേരില്‍ നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് യാതൊരു കുറവുമില്ല. കണ്ണൂര്‍ ജില്ലയില്‍ സംഘര്‍ഷങ്ങള്‍ അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ പോലീസ് അതീവ ജാഗ്രതയിലാണ്.

ജില്ലയില്‍ അക്രമ സംഭവങ്ങള്‍ക്ക് തടയിടാന്‍ പോലീസ് കനത്ത ജാഗ്രത പുലര്‍ത്തുകയാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ജില്ലയില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ജില്ലാ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.

കണ്ണൂരില്‍ രാഷ്ട്രീയ നേതാക്കളുടെ വീടിന് നേരെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നിലുള്ളവരെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയെന്നും ഡിജിപി വ്യക്തമാക്കി. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയ്ക്ക് 19 പേരെ കഴിഞ്ഞ ദിവസം രാത്രിയോടെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. വിവിധയിടങ്ങളില്‍ പോലീസ് പട്രോളിങ്ങും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

Exit mobile version