സ്വിഫ്റ്റ് കാര്‍ കണ്ടാല്‍ മോഷ്ടിക്കും, ജീവിതം ആഡംബര ബംഗ്ലാവില്‍; നൂറുകണക്കിന് കേസുകളിലെ പ്രതിയ്ക്ക് സഹായി വക്കീല്‍ ഭാര്യ; ഒടുക്കം കേരളാ പോലീസ് വലയില്‍ കള്ളന്‍ കുടുങ്ങി

തിരുവനന്തപുരം: വഴിയരികില്‍ പാര്‍ക്ക് ചെയ്ത സ്വിഫ്റ്റ് കാറുകള്‍ മോഷണം പോകുന്നത് ഇവിടെ പതിവാണ്. 2 വര്‍ഷമായി ഇവിടെ ഇത് പതിവാണ്. ഒടുക്കം രണ്ടുംകെട്ട് തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് കള്ളനായി വലവിരിച്ചു. അവസാനം പിടിയിലായത് രാജ്യത്താകെ മോഷണം നടത്തുന്ന വന്‍ സംഘം. സംഘത്തിലെ മുഖ്യ പ്രതി പരമേശ്വരനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തൃശൂര്‍ വഴി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കും പിന്നീടു മധുരയിലേക്കും നീണ്ട അന്വേഷണത്തിനൊടുവില്‍ വലയിലായതു രാജ്യത്തൊട്ടാകെ മോഷണം നടത്തുന്ന വന്‍സംഘം.

ഇവന്മാര്‍ മോഷണത്തിനെത്തുന്നത് ബിഎംഡബ്ല്യു കാറില്‍. ലോക്ക് തുറക്കാനുപയോഗിക്കുന്നത് ആധുനിക ഉപകരണങ്ങള്‍. പോലീസ് പിടികൂടാനെത്തിയപ്പോള്‍ പ്രധാന പ്രതി കാവല്‍ നായ്ക്കളെ കൂട്ടത്തോടെ അഴിച്ചുവിട്ടു. ആയുധം ഉപയോഗിച്ചുള്ള ചെറുത്തുനില്‍പ്പു മറികടന്നാണു ഷാഡോ സംഘം പ്രധാനപ്രതിയെ മധുരയില്‍നിന്നു കേരളത്തിലെത്തിച്ചത്.

അന്വേഷണത്തിലെ വഴിത്തിരുവുകള്‍…

തിരുവനന്തപുരം നഗരത്തെ കേന്ദ്രീകരിച്ചാണ് ഷാഡോ ടീം അന്വേഷണത്തിനു തുടക്കം കുറിച്ചത്. ഈ പരിസരത്തുള്ള മാബൈല്‍ രേഖകള്‍ പരിശോധിച്ചു. ആയിരത്തിലേക്കും പിന്നീടു നൂറിനു താഴേക്കും സംശയമുള്ള നമ്പരുകളുടെ പട്ടിക ചുരുക്കി. തമിഴ്‌നാട് നമ്പരാണ് സംശയിക്കുന്നവരുടെ പട്ടികയില്‍. ഈ നമ്പരിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വിലാസം തിരുച്ചിറപ്പള്ളിയാണെന്നു കണ്ടെത്തി. ഷാഡോ ടീം തിരുച്ചിറപ്പള്ളിയിലേക്കു പോയി. വിലാസം അറിയിച്ചപ്പോള്‍ അവിടുത്തെ പോലീസിനു വലിയ തെരച്ചിലൊന്നും നടത്തേണ്ടിവന്നില്ല.

അങ്ങനെയാണ് അന്വേഷണം പരമേശ്വരനിലേക്ക് എത്തുന്നത്. എന്നാല്‍ അയാളുടെ താമസസ്ഥലത്തെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുന്നു. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലും പരമേശ്വരന്റെ പുതിയ വിവരങ്ങള്‍ കിട്ടിയില്ല. അപ്പോഴാണു പരമേശ്വരന്റെ കൂട്ടുകാരന്‍ മുബാറക്കിന്റെ വിവരം തമിഴ്‌നാട് പോലീസ് കൈമാറുന്നത്. മുബാറക്കിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.

പിന്നീടുള്ള അന്വേഷണം ആ വലിയ ബംഗ്ലാവിലേക്കായി. പരമേശ്വരന്റെ വലിയ മതില്‍ക്കെട്ടിനുള്ളിലെ ആഡംബര ബംഗ്ലാവാണത്. അന്വേഷണ സംഘം രാത്രി മതില്‍ചാടികടന്നു വീടു വളഞ്ഞു. അഴിച്ചുവിട്ടിരുന്ന കൂറ്റന്‍ നായ്ക്കളെ മറികടന്നു സംഘം വാതില്‍ തകര്‍ത്ത് അകത്തേക്കു കയറി. വെട്ടുകത്തിയുമായി പരമേശ്വരന്‍ നേരിട്ടു. പോലീസ് തോക്കു ചൂണ്ടി ബലപ്രയോഗത്തിലൂടെ കീഴടക്കി. നിയമവശങ്ങള്‍ നിരത്തി അറസ്റ്റ് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും പരിസരവാസികളും കൂട്ടാളികളും അറിയുന്നതിനു മുമ്പു പരമേശ്വരനുമായി കേരള സംഘം അതിര്‍ത്തി കടന്നു.

പരമേശ്വരന്റെ സഹായി വക്കീല്‍ ഭാര്യ…

പരമേശ്വരന്റെ ഭാര്യ മധുര കോടതിയില്‍ വക്കീലാണ്. ഇയാളുടെ മോഷണക്കേസുകള്‍ വാദിക്കുന്നത് ഭാര്യയാണ്. ഹൈവേയില്‍ ജനത്തിരക്കില്ലാത്ത സ്ഥലത്തുകിടക്കുന്ന കാറുകള്‍ക്കരികിലേക്ക് ഇയാളുടെ സംഘം ആംഡംബര വാഹനങ്ങളിലെത്തും. മോഷ്ടിക്കേണ്ട കാറിന്റെ സെഡ് ഗ്ലാസുകള്‍ ഇളക്കി മാറ്റും. വാഹനത്തിന്റെ അലാം സംവിധാനം പ്രത്യേക ഉപകരണം ഉപയോഗിച്ചു നിശബ്ദമാക്കും. കാറിലെ ഇഗ്‌നിഷ്യന്‍ സിസ്റ്റം നീക്കം ചെയ്ത്, ഡ്യൂപ്ലിക്കേറ്റ് താക്കോലുമായി യോജിപ്പിച്ചു പുതിയ ഇഗ്‌നിഷ്യന്‍ സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യും. കാറിന്റെ സ്റ്റിയറിങ് തകര്‍ത്ത് 20 മിനിട്ടിനുള്ളില്‍ കാറുമായി കടക്കും. സംഘത്തിലുള്ളവര്‍ക്കു മോഷണത്തിന്റെ സാങ്കേതിക വിദ്യകള്‍ പരമേശ്വരന്‍ കൈമാറിയിരുന്നില്ല.

Exit mobile version