ഒന്നര മാസം മുൻപ് ഡോ. വന്ദന വീട്ടിലെത്തിയത് ഗരുഡൻ തൂക്കം കാണാൻ; ഇന്ന് ഏകമകൾ തിരികെ എത്തുന്നത് ജീവനറ്റ്; കരയാൻ പോലുമാകാതെ മോഹൻദാസും വസന്തകുമാരിയും

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസെത്തിച്ചയാളുടെ ആക്രമണത്തിനിരയായി യുവഡോക്ടർ വന്ദന ദാസ് പിടഞ്ഞുവീണപ്പോൾ നഷ്ടമായത് ഏക മകൾക്കായി കാത്തുവെച്ച ഈ മാതാപിതാക്കളുടെ സ്വപ്‌നം കൂടിയായിരുന്നു. കൊല്ലപ്പെട്ട ഡോക്ടർ വന്ദന ഹൗസ് സർജൻസ് ചെയ്തുകൊണ്ടിരിക്കെയാണ് ആക്രമണത്തിനിരയായി ജീവൻ വെടിഞ്ഞത്. സഹപാഠികൾക്ക് മാത്രമല്ല വീടിനും നാടിനും ഏറെ പ്രിയപ്പെട്ടവളായിരുന്നു വന്ദന ദാസെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു.

കോട്ടയം കടുത്തുരുത്തിക്കടുത്ത് മുട്ടുചിറ പട്ടാളമുക്ക് സ്വദേശിയാണ് വന്ദന ദാസ്. അബ്കാരി ബിസിനസുകാരനായ മോഹൻ ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ്. ഈ വീടിന്റെ ചുമരിൽ ഇപ്പോഴും തൂങ്ങുന്ന ‘ഡോ. വന്ദന ദാസ് എംബിബിഎസ്’ എന്ന ബോർഡ് വിവരമറിഞ്ഞെത്തുന്നവരുടെയും ഹൃദയം തകർക്കുകയാണ്.

പ്ലസ് ടു വരെ കോട്ടയത്ത് തന്നെ പഠിച്ച വന്ദന പിന്നീട് കുട്ടിക്കാലം മുതലുള്ള ഡോക്ടറാകുക എന്ന സ്വപ്‌നത്തിലേക്ക് ചുവടുവെയ്ക്കാനാണ് അസീസിയ മെഡിക്കൽ കോളേജിലേയ്ക്ക് പോയത്. പഠനത്തിൽ മിടുക്കിയായിരുന്ന വന്ദന തന്റെ സ്വപ്‌നം നേടിയെടുത്ത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്തുവരികയായിരുന്നു. ഇതിനിടെ പിജി പഠനത്തിനായുള്ള തയ്യാറെടുപ്പും നടത്തുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഈ പെൺകുട്ടിയുടെ സ്വപ്‌നങ്ങളെല്ലാം തകർത്ത് മരണം അക്രമിയുടെ കത്രികയുടെ രൂപത്തിലെത്തിയത്.

ALSO READ- ഡോക്ടറെ കൊലപ്പെടുത്തിയ സന്ദീപ് പരാതിക്കാരൻ; അയാൾ പ്രതിയല്ല, കസ്റ്റഡിയിലെടുത്തത് മറ്റൊരു വീടിന് മുന്നിൽ നിന്നെന്ന് എഡിജിപി; പോലീസിനെ വിളിച്ചതും സന്ദീപ്

നാട്ടിലെ എല്ലാ വിശേഷങ്ങൾക്കും എത്താൻ ആഗ്രഹിക്കുന്ന വന്ദന ഒന്നര മാസം മുമ്പാണ് വന്ദന അവസാനമായി നാട്ടിലെത്തിയത്. വീടിന് സമീപമുള്ള കുന്നശേരിക്കാവ് ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള ഗരുഡൻ തൂക്കം കാണാനായി എത്തിയതായിരുന്നു വന്ദന ദാസ്.

കുറച്ചുദിവസം വീട്ടുകാരോടൊപ്പം താമസിച്ച ശേഷമാണ് വന്ദന ആശുപത്രിയിലേക്ക് തിരിച്ചത്. ഉടൻ തിരികെ വരുമെന്ന് മാതാപിതാക്കൾക്ക് വാക്കും കൊടുത്ത ശേഷമാണ് വന്ദന തിരിച്ചത.് എന്നാൽ ഇന്ന് വെളുത്തതുണിക്കെട്ടിൽ ജീവനറ്റാണ് വന്ദന വീട്ടിലേക്ക് തിരിച്ചെത്തുന്നത്.

വന്ദനയ്ക്ക് അക്രമിയുടെ കൈയ്യിലെ കത്രിക കൊണ്ടേറ്റത് ആറ് കുത്തുകളാണ്. മുതുകിലും കഴുത്തിലുമാണ് മാരകമായ കുത്തുകളേറ്റത്. ആറ് കുത്തുകളേറ്റുവെന്നാണ് പരിശോധിച്ച ഡോക്ടർമാർ അറിയിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഡോ. വന്ദന ദാസിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ശ്രീനിലയം കുടവട്ടൂർ സന്ദീപ്(42) ആണ് ആക്രമണം നടത്തിയത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം.

Exit mobile version