പിടികൂടാനുള്ള ദൗത്യം ആരംഭിച്ചപ്പോൾ ‘മുങ്ങിയ’ അരിക്കൊമ്പൻ ദൗത്യം അവസാനിപ്പിച്ചതോടെ ‘പൊങ്ങി’; കണ്ടെത്തിയത് ശങ്കരപാണ്ഡ്യമേട്ടിൽ; നാളെ മിഷൻ തുടരും

ചിന്നക്കനാൽ: മിഷൻ അരിക്കൊമ്പൻ തുടങ്ങിയപ്പോൾ മുതൽ കാണാമറയത്തായിരുന്ന കൊമ്പനെ ഒടുവിൽ ദൗത്യം അവസാനിപ്പിച്ച ശേഷം മണിക്കൂറുകൾക്ക് ശേഷം കമ്‌ടെത്തി. നീണ്ട പതിമൂന്നു മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് അരിക്കൊമ്പനെ ശങ്കരപാണ്ഡ്യമേട്ടിൽ നിന്ന് കണ്ടെത്തിയത്. ചിന്നക്കനാലിൽ ഇന്ന് അരിക്കൊമ്പനെ പിടിക്കാനായി ആരംഭിച്ച ദൗത്യം ആനയെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ അവസാനിപ്പിച്ചിരുന്നു.

നിലവിൽ അരിക്കൊമ്പൻ ഉള്ള ശങ്കരപാണ്ഡ്യ മേട്ടിൽനിന്ന് കൊമ്പനെ ആനയിറങ്കൽ ഡാം കടത്തി 301 കോളനിയിലെ ദൗത്യമേഖലയിൽ എത്തിക്കാനുള്ള ശ്രമമാണ് നടത്തുക.വളരെ ദുഷ്‌കരമായ ഉദ്യമമാണ് ഇതെന്നാണ് വനംവകുപ്പ് പറയുന്നത്. എങ്കിലും ദൗത്യവുമായി മുന്നോട്ടു പോകാനാണ് വനംവകുപ്പിന്റെ തീരുമാനമെന്ന് മൂന്നാർ ഡിഎഫ്ഒ വ്യക്തമാക്കി.

ALSO READ- ഇതിലും വലിയ പ്രശ്‌നം വന്നിട്ട് വിലക്കിയിട്ടില്ല; ഷെയ്‌നിന്റെ അമ്മ തന്നെ മാനേജർ ആയതാണോ ഇവരുടെ പ്രശ്‌നം? വിമർശിച്ച് സാന്ദ്ര തോമസ്

വെള്ളിയാഴ്ച പുലർച്ചെ 4.30- ഓടെയാണ് ചിന്നക്കനാലിലെ ജനങ്ങളുടെ പേടിസ്വപ്‌നമായ അരിക്കൊമ്പനെ പൂട്ടാനായി മിഷൻ ആരംഭിച്ചത്. എന്നാൽ, കൊമ്പൻ കൃത്യ സമയത്ത് തന്നെ കടന്നുകളയുകയായിരുന്നു. ആന എവിടെയാണെന്ന് കൃത്യമായി മനസിലാക്കാൻ സാധിക്കാതെ വന്നതോടെ വൈകുന്നേരത്തോടെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.

രാവിലെ തന്നെ ആനക്കൂട്ടത്തെ കണ്ടെത്തിയിരുന്നെങ്കിലും അതിലുണ്ടായിരുന്നത് ചക്കക്കൊമ്പനാണ് എന്ന് തിരിച്ചറിഞ്ഞിരുന്നു. കഴിഞ്ഞ തവണ ദൗത്യം പ്രഖ്യാപിച്ച സമയത്തും അരിക്കൊമ്പൻ ശങ്കരപാണ്ഡ്യമേട് മേഖലയിലേക്ക് പോയിരുന്നു.

Exit mobile version