ജയരാജേട്ടാ നിങ്ങൾക്കും നിറയെ ഉമ്മകൾ; സൈബർ സഖാക്കളെ, മൂപ്പരെ സംഘിയാക്കരുതെ: ഹരീഷ് പേരടി

വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിന് അനുവദിച്ചപ്പോൾ ബിജെപിക്ക് അഭിനന്ദനങ്ങൾ നേർന്നതിന് സൈബർ ആക്രമണം നടത്തിയവരെ പരിഹസിച്ചും എംവി ജയരാജനെ അഭിനന്ദിച്ചും നടൻ ഹരീഷ് പേരടി. വന്ദേഭാരത് എക്സ്പ്രസിന് കണ്ണൂരിൽ സിപിഎം മികച്ച സ്വീകരണമാണ് നൽകിയത്.

സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ലോകോ പൈലറ്റിനെ പൊന്നാട അണിയിച്ചു സ്വീകരിച്ചിരുന്നു. വികസനത്തിന് രാഷ്ട്രീയമില്ലെന്നും കേരളത്തിന് വന്ദേ ഭാരതും കെ റെയിലും വേണമെന്നാണ് നിലപാടെന്നും എം വി ജയരാജൻ പ്രതികരിച്ചിരുന്നു. ഇതിനോട് പ്രതികരിച്ചാണ് ഹരീഷ് പേരടി എത്തിയിരിക്കുന്നത്.

‘വികസനത്തിന് രാഷ്ട്രിയമില്ല’ എന്ന ജയരാജന്റെ വാക്കുകൾ പങ്കുവച്ചുകൊണ്ടാണ് ഹരീഷ് പേരടി അഭിനന്ദിച്ചത്. ”വികസനത്തിന് രാഷ്ട്രിയമില്ല… എം.വി.ജയരാജൻ… ജയരാജേട്ടാ നിങ്ങൾക്കും നിറയെ ഉമ്മകൾ… എവിടെ വെച്ചെങ്കിലും കണ്ടാൽ അനുവാദമില്ലാതെ തന്നെ ഉമ്മ തരും… പ്രിയപ്പെട്ട സൈബർ സഖാക്കളെ.. മൂപ്പരെ സംഘിയാക്കരുതെ… ലാൽ സലാം ..”- ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ- കല്ലായിലെ തടിയളവുകാരനിൽ നിന്നും സിനിമാ ലോകത്തെ കോഴിക്കോടൻ ഹാസ്യ രാജാവിലേക്ക്; ഒടുവിൽ ഏറെ പ്രിയപ്പെട്ട ഫുട്‌ബോൾ മൈതാനത്ത് നിന്നും വിടവാങ്ങൽ

വന്ദേഭാരത് ആദ്യ യാത്രയിൽ കണ്ണൂരെത്തിയപ്പോൾ കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ, കെവി സുമേഷ് എംഎൽഎ, ഒ കെ വിനീഷ് എന്നീ നേതാക്കളും കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. ട്രെയിനിലെ കോച്ചുകളിൽ കയറിയ സിപിഎം നേതാക്കൾ യാത്രക്കാരോടും ഉദ്യോഗസ്ഥരോടും കുശലാന്വേഷണം നടത്തുകയും ചെയ്തു. കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്.

Exit mobile version