ബലി തര്‍പ്പണ ചടങ്ങുകള്‍ക്കിടെ പുഴയില്‍ മുങ്ങിത്താഴ്ന്ന മൂന്നുപേര്‍ക്ക് രക്ഷകനായി, ഒടുവില്‍ മരണത്തിലേക്ക് മുങ്ങിത്താഴ്ന്ന് യുവാവ്

കൊച്ചി: പുഴയില്‍ മുങ്ങിത്താഴ്ന്നവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. എറണാകുളത്താണ് സംഭവം. എരൂര്‍ കല്ലുപറമ്പില്‍ കെഎം മനേഷ് (42) ആണ് മരിച്ചത്. പാഴൂര്‍ മണല്‍പ്പുറത്തിനു സമീപമുള്ള കടവിലാണ് അപകടം.

കഴിഞ്ഞ ദിവസം രാവിലെ 10.30ഓടെ ബലി തര്‍പ്പണ ചടങ്ങുകള്‍ക്കിടെയാണ് അപകടം. മനേഷിന്റെ മാതൃസഹോദരന്റെ ബലി തര്‍പ്പണത്തിനായി 20അംഗ സംഘമാണ് പാഴൂരില്‍ എത്തിയത്. മണല്‍പ്പുറത്തിനു സമീപം പുഴയോരത്തു മണ്‍ത്തിട്ടയില്‍ നിന്ന അമല്‍, സജിന്‍, സൂര്യദേവ് എന്നിവര്‍ കാല്‍വഴുതി വെള്ളത്തില്‍ വീണു.

also read: ‘തോറ്റ എംഎല്‍എ’മാര്‍ക്ക് ഓഫീസില്‍ പ്രത്യേക മേശയും കസേരയും ഒരുക്കി ബിജെപി

ഉടന്‍ തന്നെ നീന്തലറിയുമായിരുന്ന മനേഷ് മൂന്ന് പേരെയും രക്ഷിച്ച് കരയില്‍ എത്തിച്ചു. ഒടുവില്‍ കരയിലേക്ക് എത്താന്‍ ശ്രമിക്കുന്നതിനിടെ മനേഷ് മണല്‍ വാരല്‍ നടന്ന കുഴിയില്‍ മുങ്ങിപ്പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരും നീന്തല്‍ പരിശീലനം നടത്തിയിരുന്നവരും ചേര്‍ന്നു മനേഷിനെ കരയിലെത്തിച്ചു.

also read: 100ല്‍ 97 മാര്‍ക്ക്: 108 -ാമത്തെ വയസില്‍ സാക്ഷരതാ സ്വപ്‌നം സഫലമാക്കി കമലക്കണ്ണി മുത്തശ്ശി

ഉടന്‍ തന്നെ ജെഎംപി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പുഴയുടെ പല ഭാഗങ്ങളിലായി ഇത്തരം കുഴികളുണ്ട്. ആദ്യം വെള്ളത്തില്‍ വീണ മൂന്ന് പേര്‍ക്കു ആരക്കുന്നം എപി വര്‍ക്കി മിഷന്‍ ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കി. മനേഷ് ഇലക്ട്രീഷ്യനാണ്. ഭാര്യ: വിദ്യാലക്ഷ്മി (മുത്തൂറ്റ് ഫിനാന്‍സ്, കൊച്ചി). മക്കള്‍: ദക്ഷ, ദിയ.

Exit mobile version