ശ്രീറാം വെങ്കിട്ടരാമന് എതിരെ നരഹത്യാക്കുറ്റം നിലനിൽക്കും; സുഹൃത്ത് വഫ ഫിറോസിനെ കേസിൽ നിന്നും ഒഴിവാക്കി; ഹൈക്കോടതി നടപടി ഇങ്ങനെ

കൊച്ചി: മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ തിരിച്ചടി. കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ശ്രീറാം കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും കോടതി വിശദീകരിച്ചിട്ടുണ്ട്. നരഹത്യാക്കുറ്റം ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവ് ചോദ്യംചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.

തിരുവനന്തപുരം സെഷൻസ് കോടതിയാണ് നേരത്തെ ശ്രീരാമിനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയിരുന്നത്. കേസിൽ 304 പ്രകാരമുള്ള വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി അറിയിച്ചു. അമിതവേഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2019ലായിരുന്നു ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും സഞ്ചരിച്ച കാർ ഇടിച്ച് കെഎം ബഷീർ മരിച്ചത്. കേസിൽ തനിക്കെതിരായ കുറ്റം നിലനിൽക്കില്ലെന്നായിരുന്നു ശ്രീറാം വാദിച്ചിരുന്നത്. അന്വേഷണ സംഘം സമർപ്പിച്ച പരിശോധനാ റിപ്പോർട്ടിൽ ശരീരത്തിൽ മദ്യത്തിന്റെ അംശമില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.

also read- രാജ്യസുരക്ഷയെ ബാധിക്കും; മദനിയെ കേരളത്തിലേക്ക് അയക്കരുത്; ഒളിവിൽ പോയേക്കുമെന്ന് കർണാടക സുപ്രീംകോടതിയിൽ

ഇതിനിടെ, അപകടസമയത്ത് ശ്രീറാമിനോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിനെ കേസിൽ നിന്ന് കോടതി ഒഴിവാക്കി. അവർ നൽകിയ ഡിസ്ചാർജ് പെറ്റീഷൻ കോടതി അംഗീകരിച്ചു.

Exit mobile version