‘നീയാരാ മധുവോ ബാക്കിയുള്ള സാധനങ്ങള്‍ മോഷ്ടിക്കടാ’: ബിഗ് ബോസില്‍ മധുവിനെ അധിക്ഷേപിച്ച് അഖില്‍ മാരാര്‍

കൊച്ചി: ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് ഷോയില്‍ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനെ അധിക്ഷേപിച്ച് സംസാരിച്ച അഖില്‍ മാരാര്‍ക്കെതിരെ പരാതി നല്‍കി ദിശ സംഘടന. ഒരു ഗെയിം ടാസ്‌കിനിടെയാണ് അഖിലിന്റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ ദിശ സംഘടന പോലീസിലും എസ് സി, എസ് ടി കമ്മീഷനിലും പരാതി നല്‍കി.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന പരിപാടിയില്‍ അഖില്‍ മാരാര്‍ എന്നയാള്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട മധു എന്ന ആദിവാസി യുവാവിനെ മരണ ശേഷവും ഒരു പൊതു ഇടത്തില്‍ വെച്ച് അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോട് കൂടി സാഗര്‍ സൂര്യ എന്ന വ്യക്തിയോട് ‘നിന്നോട് അരി ആഹാരങ്ങള്‍ മോഷ്ടിക്കാന്‍ ആണോടാ പറഞ്ഞത്, നീയാരാ മധുവോ ബാക്കിയുള്ള സാധനങ്ങള്‍ മോഷ്ടിക്കടാ, ഭക്ഷണം മോഷ്ടിച്ചാല്‍ ഒടുക്കം മധുവിന്റെ അവസ്ഥ വരും’ എന്ന് പറഞ്ഞു അധിക്ഷേപിച്ചിരിക്കുന്നു.

പ്രസ്തുത അധിക്ഷേപം നടത്തിയതിന് ശേഷം അഖില്‍ മാരാരും ഏതാനും പേരും ചിരിക്കുക കൂടി ചെയ്തിരിക്കുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട് മരണപ്പെട്ട മധു എന്ന ആദിവാസി യുവാവിനെ മരണശേഷവും അധിക്ഷേപിച്ച അഖില്‍ മാരാര്‍ക്കെതിരെ കൃത്യമായ നടപടികള്‍ ആവശ്യമുണ്ട്’. ദിശ സംഘടനയുടെ സ്ഥാപകന്‍ ദിനു വെയില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മറ്റൊരു മത്സരാര്‍ഥിയായ സാഗര്‍ സൂര്യ മീശമാധവനെയാണ് ഈ ടാസ്‌കില്‍ അവതരിപ്പിച്ചത്. തനിക്ക് ലഭിച്ച കഥാപാത്രം മികച്ചതാക്കാനുള്ള പ്രവര്‍ത്തികള്‍ക്കിടെ അടുക്കളയില്‍ കയറി ഭക്ഷണം മോഷ്ടിക്കാന്‍ ശ്രമിച്ച സാഗറിനെ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനോട് ഉപമിക്കുകയാണ് അഖില്‍ ചെയ്തത്.

Exit mobile version