കെട്ടിട നിര്‍മ്മാണത്തിന് 5000 രൂപ ആവശ്യപ്പെട്ടു: നിരന്തരം കൈക്കൂലി വാങ്ങിയ ഓവര്‍സിയര്‍ പിടിയില്‍

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രാമപഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍.
മൂവാറ്റുപുഴ പായിപ്ര ഓവര്‍സിയര്‍ സൂരജ് പി.ടിയെയാണ് വിജിലന്‍സ് പിടികൂടിത്.
പ്രതിയെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സൂരജ് കൈക്കൂലി വാങ്ങുന്നു എന്ന പരാതി വിജിലന്‍സിന് നേരത്തെ ലഭിച്ചിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മറ്റൊരു കൈക്കൂലി കേസില്‍ ഇയാള്‍ പിടിയിലാകുന്നത്. കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കാന്‍ 5000 രൂപ ആവശ്യപ്പെടുന്നുവെന്നു കാണിച്ച് പായിപ്ര സ്വദേശിയാണ് വിജിലന്‍സിനെ സമീപിച്ചത്. ഇതിന് മുമ്പും പെര്‍മ്മിറ്റ് നല്‍കാമെന്ന് പറഞ്ഞ് സൂരജ് ഇയാളില്‍ നിന്നും കൈക്കൂലി വാങ്ങിയിരുന്നു.

Read Also:ഹാജറയ്ക്കും മകള്‍ക്കും സ്വന്തം വീട് എന്ന സ്വപ്‌നം സഫലമാകും: സ്ഥലം സൗജന്യമായി നല്‍കി അല്‍വാസി ദമ്പതികള്‍

എന്നാല്‍ നിരന്തരം പണം വാങ്ങുകയും പെര്‍മ്മിറ്റ് നല്‍കാതിരിക്കുകയും ചെയ്തതോടെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്. തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ പണം പരാതിക്കാരന്‍ സൂരജിന് കൈക്കൂലിയായി നല്‍കി. ഉടന്‍ തന്നെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി ഓവര്‍സിയറെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കെട്ടിടത്തില്‍വെച്ച് ഉച്ചയ്ക്ക് മുന്ന് മണിയോടെയാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. സൂരജ് കൈക്കൂലി വാങ്ങി അനധികൃതമായി കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയിട്ടുണ്ടോയെന്ന സംശയം പഞ്ചായത്തിനുണ്ട്. ഇതേകുറിച്ചും അന്വേഷണം ആരംഭിച്ചു.

Exit mobile version