ഹോട്ടലില്‍ നിന്ന് 5000 രൂപ കൈക്കൂലി, അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ കൈയ്യോടെ പൊക്കി വിജിലൻസ്

തൃശൂര്‍:കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ആയിരുന്ന ഇരിങ്ങാലക്കുട സ്വദേശി ജയപ്രകാശ് വിജിലന്‍സിന്റെ പിടിയില്‍.

ഇയാൾ ഗുരുവായൂരിലെ ഹോട്ടലില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
ഹോട്ടലില്‍ പരിശോധന നടത്തി താല്‍ക്കാലിക ജീവനക്കാര്‍ കൂടുതലാണെന്ന് പറയുകയും ഒതുക്കി തീര്‍ക്കാന്‍ 10000 രൂപ ആവശ്യപ്പെടുകയുമായിരുന്നു.

പിന്നാലെ 5000 രൂപ നിര്‍ബന്ധിച്ച് വാങ്ങുകയും ചെയ്തിരുന്നു. പിന്നീട് സെപ്തംബര്‍ 17ന് ചാവക്കാട് നിന്നും സ്ഥലം മാറ്റം ലഭിച്ച ജയപ്രകാശ് എറണാകുളം, കാക്കനാട് ലേബര്‍ ഓഫീസില്‍ ജോയിന്‍ ചെയ്തു.

ഈ വിവരം മാനേജരില്‍ നിന്നും മറച്ചുവെച്ച് ബാക്കി തുകയായി 5000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഗൂഗിള്‍ പേ വഴി പണം നല്‍കാനാണ് ആവശ്യപ്പെട്ടത്. ഇതു സാധിക്കില്ലെന്ന് അറിയിച്ചപ്പോള്‍ താന്‍ നേരിട്ട് വന്ന് പണം വാങ്ങിക്കൊള്ളാമെന്ന് അറിയിക്കുകയായിരുന്നു.

പിന്നാലെ മാനേജര്‍ തൃശൂര്‍ വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി. തുടര്‍ന്ന് ചൊവ്വാഴ്ച കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പ്രതിയെ കയ്യോടെ പിടികൂടുന്നത്.

Exit mobile version