പൊന്തക്കാട് വെട്ടിത്തെളിക്കാതെ അനാസ്ഥ; പാമ്പുകടിയേറ്റ് മകളുടെ ജീവൻ നഷ്ടമായി; ബിനോയിയുടെയും ലയയുടെയും നിയമപോരാട്ടം ഒടുവിൽ ലക്ഷ്യത്തിൽ

തൃശൂർ: അയൽവാസിയുടെയും പഞ്ചായത്ത് അധികൃതരുടെയും അനാസ്ഥ കാരണം മൂന്നുവയസുകാരി മകളുടെ ജീവൻ നഷ്ടമായപ്പോൾ തളർന്നിരിക്കാതെ ഇനി മറ്റാർക്കും ഈ അവസ്ഥയുണ്ടാകരുതെന്ന് മാത്രമെ ഈ രക്ഷിതാക്കൾ ചിന്തിച്ചുള്ളൂ.

മൂന്നാം വയസ്സിൽ സമീപത്തെ പുരയിടത്തിൽ കാടുപോലെ വളർന്നുനിന്ന പൊന്തക്കാട്ടിൽ നിന്നും ഇഴഞ്ഞെത്തിയ പാമ്പാണ് മൂന്നുവയുസകാരി ആവ്‌റിന്റെ ജീവനെടുത്തത്. കുഞ്ഞിന്റെ മരണത്തിന് പിന്നാലെ നിയമപോരാട്ടത്തിനായി ഇറങ്ങിത്തിരിക്കുകയായിരുന്നു അച്ഛൻ കെഐ ബിനോയിയും അമ്മ ലയ ജോസും.

ഇറ്റലിയിൽ ജോലി ചെയ്യുമ്പോഴും ഈ മാതാപിതാക്കൾ മകളുടെ മരണത്തിന് നീതി തേടി നിയമ പോരാട്ടംതുടരുകയായിരുന്നു. ഒടുവിൽ ഇപ്പോൾ ഫലത്തിലെത്തിയിരിക്കുകയാണ് ഇവരുടെ പ്രയത്‌നം.

പരാതിക്കിടയാക്കുംവിധം പൊന്തക്കാടുകൾ വളർന്നാൽ സ്വന്തം നിലയ്ക്കു വെട്ടിവൃത്തിയാക്കി ചെലവുതുക ഭൂവുടമയിൽനിന്നു വാങ്ങാൻ എല്ലാ പഞ്ചായത്ത് സെക്രട്ടറിമാർക്കും ഹൈക്കോടതി നിർദേശം നൽകിയിരിക്കുകയാണ്.

ALSO READ- ‘എന്നാലും എന്റെ ഡെയ്‌സി’! സ്വർണവില കുതിക്കുന്നതിനിടെ മൂന്നു പവന്റെ മാല വിഴുങ്ങി പാലക്കാട്ടെ വളർത്തുനായ്ക്കുട്ടി;കണ്ടെത്തിയത് എക്‌സ്‌റേയിൽ

സമീപത്തെ പൊന്തക്കാട് അപകടകരമാംവിധം ഇഴജന്തുക്കൾക്ക് തണലായതോടെയാണ് കാടു വെട്ടിത്തെളിക്കാൻ പഞ്ചായത്തിന് ഈ കുടുംബം പരാതി നൽകിയത്. എന്നാൽ പരാതിക്ക് ഫലമുണ്ടായില്ല. പിന്നാലെയാണ് ഇവർക്ക് മകളുടെ ജീവൻ പോലും വിലയായി നൽകേണ്ടി വന്നത്.

പാമ്പുകടിയേറ്റ ഉടൻ തന്നെ ആവ്റിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്റിവെനം ഇല്ലെന്നായിരുന്നു മറുപടി. പിന്നീട് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഏറെ വൈകിയിരുന്നു.

ALSO READ- റബ്ബറിന് 300 രൂപയാക്കിയാൽ തിരഞ്ഞെടുപ്പിൽ ഒരു എംപി പോലുമില്ലെന്ന വിഷമം മാറ്റിത്തരാം; ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

മകളുടെ മരണത്തിനു ശേഷം രക്ഷിതാക്കൾ വനംവകുപ്പിനും കലക്ടർക്കും പരാതിനൽകി. ബിനോയിയും ലയയും പിതാവ് ജോസിനു പവർ ഓഫ് അറ്റോണി നൽകിയാണു വിദേശത്തു നിന്നും കേസ് നടത്തിയത്.

വനംവകുപ്പിനു നൽകിയ പരാതിയിൽ നടപടിയുണ്ടായതാകട്ടെ ഏറെ വൈകിയാണ്. സ്ഥലപരിശോധനയ്ക്ക് ആളെത്തിയത് ഒന്നരവർഷത്തിനു ശേഷവും. ഇതിനിടെ ആർഡിഒയുടെയും വില്ലേജ് ഓഫിസറുടെയും നിർദേശപ്രകാരം കാടു വെട്ടിത്തെളിച്ചിരുന്നു. എന്നാൽ ഓരോ മഴയ്ക്കു ശേഷവും വീണ്ടും കാടു വളർന്നതോടെയാണു ഹൈക്കോടതിയെ സമീപിച്ചത്.

Exit mobile version