15 വർഷമായി കേരളത്തിൽ തൊഴിലാളി; ബിസ്മി ഹോട്ടലിൽ ക്ലീനിംഗ് തൊഴിലാളി ഇക്രം ഇന്ന് ലക്ഷാധിപതി; 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനം സ്വന്തം!

നെല്ലിമറ്റം: 15 വർഷമായി തൊഴിലെടുക്കുന്ന മണ്ണിൽ നിന്നും ലക്ഷാധിപതിയായി സ്വന്തം നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ് ആസാം സ്വദേശിയായ ഇക്രം ഹുസൈൻ. കഴിഞ്ഞ ദിവസം നറുക്കെടുത്ത കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയാണ് ഇക്രത്തിന് സ്വന്തമായിരിക്കുന്നത്.

ഇക്രം എടുത്ത NG 773104 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. നെല്ലിമറ്റത്തെ ബിസ്മി ഹോട്ടലിലെ ക്ലീനിംഗ് തൊഴിലാളിയായ ഇക്രം ഹുസൈൻ കഴിഞ്ഞ 15 വർഷമായി കേരളത്തിൽ പലതരത്തിലുള്ള തൊഴിലെടുത്താണ് ഉപജീവനം നടത്തുന്നത്.

42കാരനായ ഇക്രം കേരളത്തിൽ അധ്വാനിച്ച പണം കൊണ്ട് ഈയടുത്ത് ഒരു വീടും സ്വന്തമാക്കിയിരുന്നു. 12 വർഷമായി ബിസ്മി ഹോട്ടലിൽ തന്നെയാണ് ജോലി ചെയ്യുന്നത്. ഹോട്ടലിൽ എത്തുന്നവർക്ക് പ്രിയങ്കരനാണ് ഇക്രമെന്നും ഹോട്ടലുടമ ഇബ്രാഹിം ് പറയുന്നു. നാട്ടിൽ ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

സ്വന്തമായി പേരെഴുതി ഒപ്പിടാനുള്ള സാക്ഷരത പോലുമില്ലാത്ത ഇക്രത്തിന് ഒടുവിൽ കഷ്ടപ്പാടുകൾക്കെല്ലാം അറുതിയായി കൊണ്ട് 70 ലക്ഷം സ്വന്തമാവുകയായിരുന്നു. ശമ്പളമായി കിട്ടുന്ന പണം അതുപോലെ നാട്ടിൽ അയച്ചുകൊടുക്കുന്ന വ്യക്തിയാണ് ഇക്രമെന്നാണ് ഹോട്ടൽ മുതലാളി ഇബ്രാഹിം പറയുന്നത്.

also read- വളർത്തുമകളെ മകൻ വിവാഹം ചെയ്തു; പിന്നാലെ ഇരുവർക്കും വേറെ പ്രണയം; ക്രിസ്റ്റലിനെ കൊലപ്പെടുത്തി ഹോട്ടലിൽ ഉപേക്ഷിച്ച് ഭർത്താവ്

മിക്ക ദിവസങ്ങളിലും ഇക്രം ലോട്ടറി ടിക്കറ്റെടുക്കും. സമ്മാന വിവരം അറിഞ്ഞ ഇക്രം ഹോട്ടൽ ഉടമ ഇബ്രാഹിമിന് ഒപ്പമാണ് ടിക്കറ്റ് ബാങ്കിൽ നൽകാനെത്തിയത്. നെല്ലിമറ്റം എസ്ബിഐ ശാഖയിൽ രേഖകൾ സഹിതം ലോട്ടറി ടിക്കറ്റ് കൈമാറുകയായിരുന്നു. കോതമംഗലം പിഒ ജംഗ്ഷനിലുള്ള പ്രതീക്ഷ ലോട്ടറി ഏജന്റ് ബാപ്പു ചെറുകിട കച്ചവടക്കാരന് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഇക്രം ടിക്കറ്റ് എടുത്തത് ബിസ്മി ഹോട്ടലിന് സമീപം ലോട്ടറി കച്ചവടം ചെയ്യുന്ന കച്ചവടക്കാരനിൽ നിന്നുമായിരുന്നു.

Exit mobile version