അമ്മയുടെ വിയോഗത്തിൽ ഉള്ളുനീറി ലെനയും ലെനസും പ്ലസ്ടു പരീക്ഷയെഴുതി; അന്ത്യചുംബനം നൽകി ഇളയ മകൻ എസ്എസ്എൽസി പരീക്ഷയ്ക്ക്; തീരാനോവായി മഞ്ജുഷയുടെ മരണം

പാമ്പാടി: അമ്മ മഞ്ജുഷയുടെ മരണം മുന്നിൽകണ്ട് ഹൃദയം തകർന്ന മക്കളായ മൂന്നുപേർക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കേണ്ടി വരുന്നത് നാടിനും നോവാകുന്നു. മൂത്തമക്കളായ ഇരട്ടസഹോദരങ്ങളായ ലെനസും ലെനയും അമ്മയുടെ വിയോഗദുഃഖം ഉള്ളിലൊതുക്കി ഇന്നലെ പ്ലസ്ടു പരീക്ഷയെഴുതിയിരുന്നു.

അമ്മയ്ക്ക് അന്ത്യചുംബനം നൽകിയാണ് ഇളയ മകൻ ലെൻ എസ്എസ് എൽസി പരീക്ഷയെഴുതാനിറങ്ങിയത്. ലെൻ തിരിച്ചെത്തിയിട്ടുവേണം പോക്കാട്ടുവിളയിൽ മഞ്ജുഷ ടൈറ്റസിന്റെ (39) സംസ്‌കാര ശുശ്രൂഷ ആരംഭിക്കാൻ.

സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണു ലെൻ. പിവിഎസ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥികളായ ലെനസിന്റെയും ലെനയുടെയും പരീക്ഷ മുടങ്ങാതിരിക്കാൻ ഇന്നലെ വൈകിട്ടാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

also read- ഗാനമേളയ്ക്കിടെ പലക തകർന്ന് യുവാവ് കിണറ്റിൽ വീണു; രക്ഷിക്കാനിറങ്ങിയ കൂട്ടുകാരനും അപകടത്തിലായി; നേമത്ത് ഉത്സവത്തിനിടെ ഒരു മരണം

ഭാര്യയുടെ വിയോഗവും മക്കളുടെ അവസ്ഥയുമെല്ലാം മുന്നിലുണ്ടായിട്ടും ഒന്നും ചെയ്യാനാകാതെ വിഷമം ഉള്ളിലൊതുക്കി ചക്രക്കസേരയിൽ ഇരിക്കാനേ ഇവരുടെ അച്ഛൻ ടിപി ടൈറ്റസിനു സാധിക്കുന്നുള്ളൂ. രണ്ടു വർഷം മുൻപു വടവാതൂരിലുണ്ടായ ബൈക്ക് അപകടത്തിൽ ഇരുകാലുകളും കൈകളും ഒടിഞ്ഞ് വിശ്രമത്തിലാണ് ടൈറ്റസ്. ഇതുവരെ പൂർണ ആരോഗ്യവാനായിട്ടില്ല.

ഇതിനിടെയാണ് കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന മഞ്ജുഷ മരണപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു മരണം. സംസ്‌കാരം ഇന്നു 12ന് അസംബ്ലീസ് ഓഫ് ഗോഡ് ഇലക്കൊടിഞ്ഞി സഭയുടെ 9-ാം മൈൽ സെമിത്തേരിയിൽ.

Exit mobile version