ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ബോധംപോയി; ഡ്രൈവറെ വലിച്ച് പുറത്തേക്കെടുത്ത് ബൈക്കിലെത്തിയ ചെറുപ്പക്കാരന്‍, പക്കാ സിനിമാസ്റ്റൈല്‍ രക്ഷപ്പെടുത്തല്‍

മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയുടെ പോക്ക് അത്ര ശരിയല്ലെന്ന് അഭിജിത്തിന് തോന്നി. ഓവര്‍ടേക്ക് ചെയ്ത് നോക്കിയപ്പോഴാണ് ഡ്രൈവര്‍ അബോധാവസ്ഥയിലെന്ന് കണ്ടത്.

തൃശൂര്‍: ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ബോധംപോയ ഡ്രൈവറെ വലിച്ച് പുറത്തേക്കെടുത്ത് പക്കാ സിനിമാസ്റ്റൈലില്‍ രക്ഷപ്പെടുത്തി ബൈക്കിലെത്തിയ ചെറുപ്പക്കാരന്‍. തൃശ്ശൂര്‍ വടക്കാഞ്ചേരിയിലാണ് സിനിമയെ പോലും വെല്ലുന്ന സംഭവം നടന്നത്.

കോളേജിലെ എന്‍സിസി പരേഡിനായി വീട്ടില്‍ നിന്ന് ബൈക്കിലിറങ്ങിയതാണ് മുണ്ടത്തിക്കോട് സ്വദേശിയായ അഭിജിത്ത്. തിരുത്തിപ്പറമ്പ് കനാല്‍ ഭാഗത്ത് എത്തിയപ്പോള്‍ മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയുടെ പോക്ക് അത്ര ശരിയല്ലെന്ന് അഭിജിത്തിന് തോന്നി. ഓവര്‍ടേക്ക് ചെയ്ത് നോക്കിയപ്പോഴാണ് ഡ്രൈവര്‍ അബോധാവസ്ഥയിലെന്ന് കണ്ടത്.

പിന്നെഒന്നും ആലോചിച്ചില്ല, ബൈക്ക് നിര്‍ത്തി ഓട്ടോയില്‍ നിന്ന് ഡ്രൈവര്‍ ജോസ് മണിയെ വലിച്ച് താഴെയിട്ടു. നിയന്ത്രണം തെറ്റിയ ഓട്ടോ കനാലിലേക്ക് മറിഞ്ഞു. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ജോസിന്റെ ആരോഗ്യ നില ഇപ്പോള്‍ പൂര്‍ണമായും വീണ്ടെടുത്തു. അതിസാഹസികമായി ഒരു ജീവന്‍ രക്ഷിച്ച അഭിജിത്ത് ഇപ്പോള്‍ നാട്ടിലെ മിന്നും താരമാണ്.

Exit mobile version