ഹര്‍ത്താലില്‍ വ്യാപക അക്രമം; തലശ്ശേരിയില്‍ ബോംബേറ്

തലശ്ശേരി കൊളശ്ശേരിയില്‍ ദിനേശ് ബീഡി കമ്പനിക്ക് സമീപമാണ് ബോംബേറ് നടന്നത്

തലശ്ശേരി: ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഹര്‍ത്താലില്‍ വ്യാപക ആക്രമണമാണ് കേരളത്തില്‍ അരങ്ങേറുന്നത്. തലശ്ശേരി കൊളശ്ശേരിയില്‍ ദിനേശ് ബീഡി കമ്പനിക്ക് സമീപമാണ് ബോംബേറ് നടന്നത്. രണ്ട് ബോംബുകളാണ് എറിഞ്ഞത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് നിലവിലെ വിവരം. സ്ഥലത്ത് ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചിട്ടുണ്ട്. പോലീസ് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേ സമയം, കണ്ണൂര്‍ നഗരത്തില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ രണ്ടിടങ്ങളിലായി സംഘടിച്ചു നില്‍ക്കുകയാണ്. ഹര്‍ത്താലില്‍ തുറന്ന് പ്രവര്‍ത്തിച്ച ഇന്ത്യന്‍ കോഫി ഹൗസ് അടപ്പിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ ഇത് തടഞ്ഞു. തുടര്‍ന്ന് ഇരുവിഭാഗവും സംഘടിച്ച് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു. പോലീസിന്റെ ശക്തമായ ഇടപെടല്‍ കാരണം ഇവിടെ സംഘര്‍ഷമുണ്ടായില്ല. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ രാവിലെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

Exit mobile version