വൃക്കകൾ തകരാറിലായ സഹപ്രവർത്തകന് വേണ്ടി പിരിച്ച പണം കൈമാറിയില്ല; കെഎസ്ആർടിസി കൺട്രോളിങ് ഇൻസ്‌പെക്ടർക്ക് എതിരെ നടപടി

നെയ്യാറ്റിൻകര: വൃക്കകൾ തകരാറിലായി ചികിത്സയിൽ കഴിയുന്ന സഹപ്രവർത്തകന് വേണ്ടി കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോയിലെ ജീവനക്കാർ പിരിച്ചെടുത്ത പണം കൈക്കലാക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടറായ ടിഐ സതീഷ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്.

ഇയാൾ സംഭവം വിവാദമായതോടെ പണം തിരികെ നൽകി തടിയൂരാൻ ശ്രമിച്ചെങ്കിലും വിജിലൻസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുകയായിരുന്നു. നെയ്യാറ്റിൻകര ഡിപ്പോയിലെ കണ്ടക്ടറായ ലജുവാണ് വൃക്കകൾ തകരാറിലായി കിടപ്പിലായത്. തുടർന്ന് ചികിത്സാ സഹായധനമായി 1,39,000 രൂപയാണ് ജീവനക്കാരുടെ കൂട്ടായ്മയിൽ ശേഖരിച്ചത്. ഈ തുക ജനറൽ കൺട്രോളിങ് ഇൻസ്പെക്ടറെ ഏൽപിക്കുകയായിരുന്നു. ഒരു മാസം മുൻപ് സതീഷ്‌കുമാർ ഈ തുകയ്ക്കുള്ള ചെക്ക് ലജുവിന് നൽകി.

പിന്നീട് ചെക്ക് നൽകിയ അടുത്ത ദിവസം ലജുവിന്റെ വീട്ടിൽ സതീഷ്‌കുമാറെത്തി ചെക്ക് മാറ്റാനായി ഒപ്പിട്ടു വാങ്ങുകയും തുടർന്ന് ബാങ്കിൽനിന്ന് 1,39,000 പിൻവലിച്ച ശേഷം ലജുവിന് പതിനയ്യായിരം രൂപ മാത്രമാണ് നൽകിയത്. ബാക്കിത്തുക ഉടനെ തിരികെ നൽകാമെന്ന് പറഞ്ഞെങ്കിലും നൽകിയില്ല.

also read- ഐഎസ്എല്ലിൽ നാടകാന്ത്യം ബംഗളൂരുവിന് വിജയം; കോച്ച് വിളിച്ചു, കളം വിട്ട് ബ്ലാസ്‌റ്റേഴ്‌സ്; ഛേത്രിക്ക് ആരാധകരുടെ പൊങ്കാല

തുടർന്നുള്ള ദിവസങ്ങളിൽ ലജു പണത്തിനായി സതീഷ്‌കുമാറിനെ പലപ്പോഴായി ഫോണിൽ വിളിച്ചെങ്കിലും സതീഷ്‌കുമാർ പ്രതികരിച്ചില്ല. സംഭവം പുറത്തറിഞ്ഞതോടെ സതീഷ്‌കുമാർ ബാക്കിത്തുക ലജുവിന്റെ വീട്ടിലെത്തി തിരികെ നൽകി. എന്നാൽ, വിജിലൻസ് അന്വേഷണത്തിൽ സതീഷ്‌കുമാർ തിരിമറി നടത്തിയതായി കണ്ടെത്തുകയായിരുന്നു.

Exit mobile version