ജപ്തിയിലായ ആധാരം തിരിച്ചെടുത്ത് നല്‍കി സഹപാഠികള്‍: റിതുരാജിന് വീടിനായി 4 ലക്ഷം നല്‍കി സുരേഷ് ഗോപി

തൃശ്ശൂര്‍: സഹപാഠിയുടെ ജപ്തിയിലായ വീട് തിരിച്ചെടുക്കാനുള്ള വിദ്യാര്‍ഥികളുടെ
പ്രയത്‌നം വാര്‍ത്തയായിരുന്നു. അതിന് പിന്നാലെ റിതുരാജിന് ഇരട്ടിമധുരമായി നടന്‍ സുരേഷ് ഗോപിയുടെ സഹായ ഹസ്തവും. സുരേഷ് ഗോപി 4 ലക്ഷം രൂപയുടെ സഹായവും റിതുരാജിന് പ്രഖ്യാപിച്ചു. ജപ്തിയുടെ വക്കിലായ വീടിന്റെ ആധാരം സഹപാഠികളാണ് റിതുരാജിന് തിരിച്ചെടുത്തു നല്‍കിയത്.

നാട്ടിക എസ്എന്‍ ട്രസ്റ്റ് സ്‌കൂളില്‍ നടന്ന വാര്‍ഷികാഘോഷ ചടങ്ങില്‍ ആധാരം കൈമാറാനെത്തിയ നടന്‍ സുരേഷ് ഗോപിയാണു റിതുരാജിനു വീടു വയ്ക്കാന്‍ 4 ലക്ഷം രൂപ നല്‍കുമെന്നു വേദിയില്‍ പ്രഖ്യാപിച്ചു. ബാങ്കിലായിരുന്ന ആധാരം കയ്യില്‍ കിട്ടിയ നിമിഷം ആ പ്രഖ്യാപനം കൂടി കേട്ട മാതാപിതാക്കളുടെ കണ്ണും നിറഞ്ഞു.

‘കണ്ണ് നനഞ്ഞ് ഹൃദയം നനഞ്ഞ് പങ്കാളികളായ ഈ കൂട്ടികളുടെ പ്രവര്‍ത്തനം ഏറെ വലുതാണ്. സഹപാഠിക്കു വീടു നിര്‍മിക്കാനുള്ള ഭാരം ഈ കുട്ടികളില്‍ നിന്ന് ഞാന്‍ ഏറ്റെടുക്കുന്നു’വെന്നു സുരേഷ് ഗോപി പറഞ്ഞു.

ചോര്‍ന്നൊലിക്കുന്ന വീടു നന്നാക്കാന്‍ വഴിയില്ലാതിരുന്ന റിതുരാജിന്റെ അച്ഛന്‍ തെക്കേവീട്ടില്‍ മോഹനനും ഇത് വലിയ പ്രതീക്ഷയായി. ലക്ഷ്മി സുരേഷ് ഗോപി ഇനിഷ്യേറ്റീവ് ട്രസ്റ്റിന്റെ പേരിലായിരുന്നു സഹായപ്രഖ്യാപനം. പുതിയ വീട് പണിത് നല്‍കാന്‍ സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് അപ്പോള്‍ തന്നെ നിര്‍ദേശം നല്‍കി. ഭാര്യ രാധികയോടൊപ്പമാണ് സുരേഷ് ഗോപി സ്‌കൂളിലെത്തിയത്.

2014ല്‍ വീട്ടാവശ്യത്തിനെടുത്ത ഒന്നേകാല്‍ ലക്ഷം രൂപയുടെ അടവ് അച്ഛന്റെ തൊഴില്‍ നഷ്ടവും അമ്മയുടെ അപകടവും മൂലം മുടങ്ങിയതാണ് 5 സെന്റ് സ്ഥലവും വീടും ജപ്തിയാകാന്‍ കാരണം. മുതലും പലിശയുമൊക്കയായി 2.22 ലക്ഷം രൂപയുടെ ബാധ്യതയായി. സ്‌കൂളിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ ശലഭാ ശങ്കറും സഹപാഠികളും ലോട്ടറി വിറ്റും ബിരിയാണി ചാലഞ്ച് നടത്തിയും ഡിഷ് വാഷ് ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി വിറ്റും 50 രൂപയുടെ കൂപ്പണ്‍ വിറ്റും ശേഖരിച്ച പണം തിരിച്ചടച്ചാണ് ബാങ്കില്‍ നിന്ന് ആധാരം തിരിച്ചെടുത്തത്.

Exit mobile version