പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ക്ഷേത്രങ്ങളിലും പള്ളികളിലും മോഷണം; കുട്ടികള്‍ക്ക് പാരിതോഷികം, ലഹരിവസ്തുക്കളും, വിലകൂടിയ ആഹാരവും; വാടകമുറി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം, പുറത്തായത് ക്ഷേത്രങ്ങളിലെ മോഷണക്കഥ;ഒടുവില്‍ സംഘത്തലവന്‍ പിടിയില്‍

തിരുവനന്തപുരം: ചെറിയ കുട്ടികളെ ഉപയോഗിച്ച് ക്ഷേത്രങ്ങളിലും പള്ളികളിലും മോഷണം നടത്തുന്ന വിരുതനെ കിളിമാനൂര്‍ പോലീസ് പിടികൂടി. കിളിമാനൂര്‍ ചെമ്പകശേരി ശ്യാം വിലാസത്തില്‍ രശാന്തിനെ ആണ് കിളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ആരാധനാലയങ്ങളെ ലക്ഷ്യം വെച്ചാണ് ഇത്തരം മോഷണം നടത്തുന്നത്, നേരത്തെ പല സംഭവങ്ങളും പരിസരപ്രദേശങ്ങളില്‍ നടന്നിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

രശാന്തിന്റെ കഥ ഇങ്ങനെ….

മരം മുറിക്കലാണ് ഈ മഹാന്റെ ജോലി. എന്നാല്‍ ഈ ജോലി നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രം. ഇയാള്‍ അടയമണില്‍ മരം മുറിപ്പ് ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനായി വാടകയ്ക്ക് ഒരു മുറി എടുത്തിരുന്നു. ഈ മുറി കേന്ദ്രീകരിച്ചാണ് പ്രായപൂര്‍ത്തിയാകാത്തെ കുട്ടികളെ ഉപയോഗിച്ച് ആരാധനാലയങ്ങളില്‍ കവര്‍ച്ചകള്‍ ആസൂത്രണം ചെയ്തിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

പ്രധാനപ്പെട്ട കവര്‍ച്ച..

കഴിഞ്ഞ 27 ന് ആരൂര്‍ പള്ളിയില്‍ മതപ്രഭാഷണം കഴിഞ്ഞ് മൈക് സെറ്റ് പള്ളിക്ക് സമീപം സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷത്തോളം വില വരുന്ന മൈക് മോഷണം പോയിരുന്നു. തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ പരാതി പെട്ടു. സംഭവത്തിന് പിന്നില്‍ കുട്ടി മോഷ്ടാക്കാണെന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ രശാന്തിന്റെ പങ്ക് പിന്നീടാണ് വ്യക്തമായത്.

തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ഈ സംഘത്തിന്റെ പൂര്‍വ്വീക മോഷണക്കഥകള്‍ പുറത്ത് വന്നത്. മഹാദേവേശ്വരം, അടയമണ്‍ ഭഗവതിയറ നാഗരുകാവ്, എന്നിവിടങ്ങളിലും ഈ കുട്ടിവാനരന്മാര്‍ മോഷണം നടത്തിയിരുന്നു. മോഷണ മുതലുകള്‍ രശാന്തിന്റെ അടയ മണിലുള്ള വാടകമുറിയിലാണ് സൂക്ഷിച്ചിരുന്നത്. അന്വേഷണാര്‍ത്ഥം മുറി പരിശോധിച്ച പോലീസ് ഞെട്ടി… മോഷ്ടിക്കുന്ന കുട്ടികള്‍ക്ക് പാരിതോഷികമായി രശാന്ത് നല്‍കിയത് ലഹരി പദാര്‍ത്ഥങ്ങളും, വിഭവസമൃദ്ധമായ ഭക്ഷണവും, ബൈക്കുകളില്‍ വേണ്ടത്ര പെട്രോളും, മൊബൈല്‍ ഫോണ്‍ റീ ചാര്‍ജിംഗ് ഒക്കെയാണ്

അറസ്റ്റിലായ സംഘത്തലവന്‍ രശാന്തിനെ ആറ്റിങ്ങല്‍ കോടതിയിലെത്തിച്ച് റിമാന്‍ഡ് ചെയ്തു. അതേസമയം കുട്ടി മോഷ്ടാക്കളെ സാമൂഹ്യ പശ്ചാതലം പരിശോധിച്ച് അധികൃതരെ ഏല്‍പ്പിക്കുമെന് പോലിസ് അറിയിച്ചു.

Exit mobile version