പോലീസ് സ്റ്റേഷനിലും മോഷണം: 20,000 രൂപയുടെ ഇ പോസ് മെഷീന്‍ കള്ളന്‍ കവര്‍ന്നു

പത്തനംതിട്ട: കൊടുമണ്‍ പോലീസ് സ്റ്റേഷനില്‍ മോഷണം. സ്റ്റേഷനില്‍ നിന്നും 20,000 രൂപ വിലവരുന്ന ഇ പോസ് മെഷീനാണ് മോഷ്ടാവ് കവര്‍ന്നത്. മറ്റൊരു കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതിയാണ് മോഷണം നടത്തിയത്. സംഭവത്തില്‍ അടൂര്‍ സ്വദേശി എബി ജോണിനെ പോലീസ് പിടികൂടി. എന്നാല്‍ മെഷീന്‍ ഇതുവരെ കണ്ടെത്താനായില്ല.

ജനുവരി 27നായിരുന്നു സംഭവം. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയായിരുന്നു എബി ജോണ്‍. ലഹരിയിലായിരുന്ന ഇയാള്‍ സ്റ്റേഷനില്‍വെച്ച് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഇ പോസ് മെഷീനുമായി കടന്നുകളയുകയായിരുന്നു.

സംഭവത്തില്‍ ഇയാളെ പോലീസ് പിടികൂടിയെങ്കിലും തൊണ്ടിമുതല്‍ കണ്ടെത്താനായില്ല. വഴിയില്‍ ഉപേക്ഷിച്ചെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയെങ്കിലും മെഷീനിലുളള പേപ്പറുകള്‍ മാത്രമാണ് കണ്ടെത്താനായത്.

Exit mobile version