മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്തി, പത്ത് ദിവസം കിടത്തി ചികിത്സിച്ചു എന്നിട്ടും കാലിലെ വേദന മാറിയില്ല; അവസാനം കെട്ടഴിച്ച് പരിശോധിച്ച് മുള്ള് നീക്കം ചെയ്ത് കുട്ടിയുടെ അച്ഛന്‍

കാലില്‍ മുള്ള് തറച്ച എട്ടുവയസുകാരനെ മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ കുട്ടിയെ ആദ്യ ദിവസം മരുന്ന് നല്‍കി തിരിച്ചയച്ചു.

അഞ്ചുകുന്ന്: മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്തിയിട്ടും പത്ത് ദിവസം കിടത്തി ചികിത്സിച്ചിട്ടും എട്ടുവയസുകാരന്റെ കാലിലെ വേദന മാറിയില്ല. തുടര്‍ന്ന് കെട്ടഴിച്ച് പരിശോധിച്ച് തറച്ചിരുന്ന മുള്ള് നീക്കം ചെയ്ത് കുട്ടിയുടെ അച്ഛന്‍. വയനാട് പനമരം അഞ്ചുകുന്ന് മങ്കാണി കോളനിയിലെ നിദ്വൈത് എന്ന എട്ടുവയസുകാരന്റെ കാലില്‍ തറച്ച മുളയുടെ മുള്ളാണ് പിതാവ് എടുത്ത് മാറ്റിയത്.

മങ്കാണി കോളനിയിലെ രാജന്‍ വിനീത് ദമ്പതികളുടെ മകനായ നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ചികിത്സ നല്‍കുന്നതില്‍ വയനാട്, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍ വീഴ്ച വരുത്തിയെന്നാണ് ഗുരുതര ആരോപണം ഉയര്‍ന്നത്.

കാലില്‍ മുള്ള് തറച്ച എട്ടുവയസുകാരനെ മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ കുട്ടിയെ ആദ്യ ദിവസം മരുന്ന് നല്‍കി തിരിച്ചയച്ചു. വേദന കുറയാതെ വന്നതോടെ നാല് ദിവസം വയനാട് മെഡിക്കല്‍ കോളേജില്‍ കിടത്തി ചികിത്സിച്ചു. കാലില്‍ എന്തോ തറച്ചതായി മനസിലായെങ്കിലും അത് നീക്കാനുള്ള സംവിധാനമില്ലെന്ന് വിശദമാക്കി കോഴിക്കോടേക്ക് അയച്ചു.

കോഴിക്കോട് എത്തി മുള്ളെടുക്കാനുള്ള ശസ്ത്രക്രിയ ചെയ്ത ശേഷം ആറ് ദിവസം കിടത്തി ചികിത്സിച്ചു. ജനുവരി 17ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. വീണ്ടും വേദന വന്നാല്‍ ശസ്ത്രക്രിയ വേണ്ടി വരുമെന്ന് വിശദമാക്കിയായിരുന്നു ഡിസ്ചാര്‍ജ്. എന്നാല്‍ വീട്ടിലെത്തിയിട്ടും കുട്ടിക്ക് വേദന കുറഞ്ഞില്ല.

കഴിഞ്ഞ ദിവസം മകന്റെ കാലിലെ കെട്ടഴിച്ച് പരിശോധിച്ച പിതാവ് ശസ്ത്രക്രിയ മുറിവിന് സമീപത്തായി എന്തോ പുറത്ത് നില്‍ക്കുന്നത് കാണുകയും ഇവിടെ പഴുത്തതായും കാണുകയും ചെയ്തു. പഴുപ്പ് മാറ്റിയ ശേഷം പൊന്തി നിന്ന വസ്തു ചെറിയ കത്രികയുടെ സഹായത്തോടെ പുറത്തെടുക്കുകയായിരുന്നു. മുളയുടെ മുള്ളാണ് കിട്ടിയതെന്ന് കുട്ടിയുടെ പിതാവ് രാജന്‍ പറയുന്നു.

Exit mobile version