മെഡിക്കല്‍ കോളേജിലെ ഇരുനില കെട്ടിട ഭാഗം ഇടിഞ്ഞുവീണു; ആളുകള്‍ ഇറങ്ങി ഓടി; ഒഴിവായത് വന്‍ ദുരന്തം; എന്നിട്ടും പ്രവര്‍ത്തനം നിര്‍ത്താന്‍ അനുവദിക്കാതെ സൊസൈറ്റി

തിരുവനന്തപുരം: കാലപ്പഴക്കത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഇരുനില കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണത് പരിഭ്രാന്തിയുണ്ടാക്കി. മെഡിക്കല്‍ കോളജ് കേറ്ററിങ് വര്‍ക്കേഴ്‌സ് സൊസൈറ്റിയുടെ കാന്റീനും സ്റ്റേഷനറി സ്റ്റോറും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ അടുക്കള ഭാഗമാണു പൊളിഞ്ഞ് വീണത്.

ഭക്ഷണം കഴിക്കുന്ന ഹാളിലും മറ്റുമായി മെഡിക്കല്‍ വിദ്യാര്‍ഥികളും കൂട്ടിരിപ്പുകാരും കാന്റീന്‍ ജീവനക്കാരും അടക്കം നൂറോളം പേര്‍ ഉണ്ടായിരുന്ന സമയത്തായാണ് കെട്ടിടത്തിന്റെ ഒരു ഭാഗം നിലംപതിച്ചത്.

വലിയ ശബ്ദത്തോടെ കെട്ടിടഭാഗം ഇടിഞ്ഞു റോഡിലേക്ക് വീണെങ്കിലും ആളപായമുണ്ടായില്ല. ഭയന്ന് കെട്ടിടത്തിനുള്ളിലെ ആളുകള്‍ ഇറങ്ങിയോടിയതാണ് രക്ഷയായത്. റോഡില്‍ വാഹനങ്ങളോ കാല്‍നടയാത്രക്കാരോ ഇല്ലാത്തതിനാല്‍ ആളപായം ഉണ്ടായില്ല. ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു അപകടം.

കെട്ടിടത്തിന്റെ അടുക്കളയിലെ ചിമ്മിനിയും ബീമും ചേര്‍ന്ന ഭാഗമാണ് ഇടിഞ്ഞു വീണത്. ഇവിടെ നിന്നു കെട്ടിടത്തിന്റെ മധ്യഭാഗം വരെ ചുവരുകള്‍ വീണ്ടുകീറിയ നിലയിലാണ്. കെട്ടിടത്തിന്റെ തറ മുതല്‍ ബലക്ഷയം സംഭവിച്ചിട്ടുണ്ട്. കെട്ടിടം ഏതു നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലാണ് നില്‍ക്കുന്നത്.
ALSO READ- ‘കേരളത്തിലെ ജനങ്ങളെ എപ്പോഴും വിജയം തഴുകട്ടെ’; കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
അതേസമയം, കാന്റീനില്‍ നിന്നു ജീവനക്കാരെ ഒഴിപ്പിക്കണമെന്ന് ഫയര്‍ഫോഴ്‌സ് ആവശ്യപ്പെട്ടെങ്കിലും സൊസൈറ്റി ഭാരവാഹികള്‍ തയാറായില്ല. പിന്നാലെ പോലീസും എത്തി അപകടാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും ഇവരെ വെല്ലുവിളിച്ച് ഇതേ കെട്ടിടത്തിനുള്ളില്‍ ആളുകളെ വിളിച്ചിരുത്തി ഭക്ഷണം വിളമ്പുകയായിരുന്നു. ആശുപത്രി അധികൃതരെ വിവരം അറിയിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ലെന്നാണ് വിവരം.

Exit mobile version