ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സിന്റെ മരണം: കുക്കിന് പിന്നാലെ ഹോട്ടല്‍ ഉടമയും അറസ്റ്റില്‍

കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് സ്റ്റാഫ് നേഴ്‌സ് രശ്മി രാജ് മരിച്ചതില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍. കാസര്‍കോട് കോയിപ്പടി സ്വദേശി ലത്തീഫിനെ കര്‍ണാടക കമ്മനഹള്ളിയില്‍ നിന്നാണ് പിടികൂടിയത്. ഹോട്ടലിലെ ചീഫ് കുക്ക് നേരത്തെ അറസ്റ്റിലായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നേഴ്‌സായിരുന്നു രശ്മി രാജ്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നായിരുന്നു രശ്മി രാജിന് രോഗബാധയുണ്ടായത്. ഭക്ഷണം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദിയും തുടര്‍ന്ന് വയറിളക്കവും അനുഭവപ്പെട്ടു. ജനുവരി രണ്ടിന് രാത്രി ഏഴിനായിരുന്നു മരണം.

കഴിഞ്ഞ 29ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ഇതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒളിവില്‍ പോയ ഹോട്ടലിലെ ചീഫ് കുക്ക് ആയ സിറാജുദ്ദീനെ കാടാമ്പുഴയില്‍ നിന്നും പിടികുടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഹോട്ടല്‍ ഉടമകള്‍ക്ക് വേണ്ടി ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തിരച്ചില്‍ ശക്തമാക്കിയിരുന്നു.

ഗാന്ധിനഗര്‍‌സ്റ്റേഷന്‍ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ പവനന്‍എം. സി, സി.പി.ഓ മാരായ പ്രവിനോ, സുനില്‍, വിജയലാല്‍, രാഗേഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Exit mobile version