‘അടുത്ത മാർച്ചിൽ വീണ്ടും വരാം’ 10 ദിവസത്തെ അവധിക്ക് നാട്ടിലെത്തി സൗദിയിൽ തിരിച്ചെത്തിയ പ്രവാസി അപകടത്തിൽ മരിച്ചു; യൂസഫിന്റെ വിയോഗം താങ്ങാനാകാത്തത്

റിയാദ്: സൗദി അറേബ്യയിൽ മിനി ട്രക്കും ട്രെയിലറും കൂട്ടിയിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. മലപ്പുറം മേലാറ്റൂർ എടപ്പറ്റ സ്വദേശിയായ 43കാരൻ മുട്ടുപാറ യൂസഫ് ആണ് മരിച്ചത്. റിയാദ് ദമ്മാം ഹൈവേയിൽ വ്യാഴാഴ്ച അർധരാത്രി 12ഓടെയാണ് അപകടമുണ്ടായത്. റിയാദിൽ കെൻസ് എന്ന കമ്പനിയിൽ ഡ്രൈവറായ യൂസുഫ് മിനി ട്രക്കിൽ ദമ്മാമിൽ സാധനങ്ങളെത്തിച്ച് വിതരണം ചെയ്ത ശേഷം മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.

അപകടത്തിൽ യൂസഫ് തൽക്ഷണം മരണത്തിന് കീഴടങ്ങിയിരുന്നു. പത്തുദിവസത്തെ അവധിക്ക് നാട്ടിലെത്തി തിരിച്ചെത്തിയതിന് പിന്നാലെയാണ് യൂസഫ് അപകടത്തിൽ മരണപ്പെട്ടത്. വർഷങ്ങളായി സൗദിയിലായിരുന്ന യൂസഫ് പത്തുദിവസത്തെ അവധിക്കായി രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. അടുത്ത മാർച്ചിൽ വീണ്ടും നാട്ടിൽ വരാമെന്ന് പറഞ്ഞാണ് യൂസഫ് മടങ്ങിയത്.

ഈ വാക്ക് കുറച്ച് നേരത്തെയായി, എന്നാൽ ചേതനയറ്റ് വരേണ്ടി വരുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ലെന്ന് കുടുംബം നിറകണ്ണുകളോടെ പറയുന്നു. പിതാവ്: ബീരാൻ. മാതാവ്: മുണ്ടക്കോട്ടെ ചുണ്ടങ്ങ മറിയ. ഭാര്യ: ഐനിക്കോട് സ്വദേശിനി റജീന പട്ടിക്കാടൻ. മക്കൾ: സന നസറിൻ (14), ഷഹൽ ഷാൻ (10), ഫാത്തിമ ഷസ്സ (രണ്ടര വയസ്). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തി വരികയാണ്.

Exit mobile version