സമപ്രായക്കാരുടെ നൃത്തം കൊതിയോടെ നോക്കി നിന്ന് ഹാര്‍ത്തി: നാടോടി ബാലികയെ സൗജന്യമായി നൃത്തപഠിപ്പിക്കുമെന്ന് കലാമണ്ഡലം അരുണ ആര്‍ മാരാര്‍

കോട്ടയ്ക്കല്‍: സമപ്രായക്കാരായ കുട്ടികള്‍ ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നൃത്തത്തില്‍ അരങ്ങേറ്റം നടത്തുന്നത് ആശ്ചര്യത്തോടെ നോക്കിനിന്ന നാടോടി ബാലികയ്ക്ക് സൗജന്യ നൃത്തപഠനം വാഗ്ദാനം ചെയ്ത് നര്‍ത്തകി കലാമണ്ഡലം അരുണ ആര്‍ മാരാര്‍. ഈ പന്ത്രണ്ടുകാരിയെ സൗജന്യമായി നൃത്തം പഠിപ്പിക്കാന്‍ ഒരുക്കമാണെന്ന് അരുണ അറിയിച്ചു.

3 ദിവസം മുന്‍പാണ് വേദിക്കു സമീപത്തു നിന്നു പെണ്‍കുട്ടി നൃത്തം ആസ്വദിക്കുന്ന വീഡിയോ വൈറലായത്. കുട്ടിയുടെ മുഖത്തെ ഭാവങ്ങള്‍ അടങ്ങിയ വീഡിയോ കാണികളില്‍ ഒരാള്‍ എടുത്ത് സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. ഓഡിറ്റോറിയത്തോടു ചേര്‍ന്ന കൈവരിയില്‍ പിടിച്ചുനിന്നു നര്‍ത്തകിമാരെ കൊതിയോടെ നോക്കുന്ന കാഴ്ച ആരുടെയും ഉള്ളുലയ്ക്കുന്നതായിരുന്നു.

വീഡിയോ വൈറല്‍ ആയതോടെ കുട്ടിയെ കണ്ടെത്താനുള്ള ശ്രമമായി. ഗുരുവായൂര്‍ സ്വദേശികളായ ചിലരാണ് ക്ഷേത്രത്തിനു സമീപം മാല, റിബണ്‍ എന്നിവ വില്‍ക്കുന്ന രാജസ്ഥാന്‍ സ്വദേശികളായ സമയ് – പിങ്കി ദമ്പതിമാരുടെ മകളായ ഹാര്‍ത്തിയാണ് ഈ ബാലിക എന്നു കണ്ടെത്തിയത്.

കുട്ടിയെ ഗുരുവായൂരില്‍ തിരഞ്ഞെങ്കിലും കുടുംബം അപ്പോഴേക്കും രാജസ്ഥാനിലേക്കു തിരിച്ചുപോയിരുന്നു. മകളെ കുറിച്ചുള്ള വീഡിയോ പ്രചരിക്കുന്നത് അറിഞ്ഞതോടെ ഭയന്നാണ് നാട്ടിലേക്ക് പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തദിവസം വീണ്ടും ഗുരുവായൂരിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read Also: ‘ഒരു കോടി നല്‍കാം, എന്റെ മകളുടെയും പേരക്കുട്ടിയുടെയും ജീവന്‍ തിരിച്ചുതരുമോ’: മെട്രോ തൂണ്‍ ദുരന്തത്തില്‍ പൊലിഞ്ഞ തേജസ്വിനിയുടെ പിതാവ്

മുഷിഞ്ഞ വേഷം ധരിച്ചിരുന്നതിനാലാണ് സദസ്സില്‍ ഇരിക്കാതെ ഹാര്‍ത്തി
വേദിക്കരികെ നിന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോ കണ്ടു ഹാര്‍ത്തിക്കു നൃത്തത്തോടുള്ള മമത തിരിച്ചറിഞ്ഞ അരുണ ആര്‍ മാരാര്‍ സഹായഹസ്തം നീട്ടുകയായിരുന്നു.

കുട്ടിയെ നൃത്തം ഏതറ്റം വരെ പഠിപ്പിക്കാനും ഒരുക്കമാണെന്ന് അവര്‍ പറയുന്നു. സിനിമാതാരങ്ങള്‍ അടക്കമുള്ള ഒട്ടേറെ ശിഷ്യര്‍ സ്വന്തമായുള്ള അരുണ ആര്‍.മാരാര്‍ 30 വര്‍ഷത്തോളമായി നൃത്ത രംഗത്തുണ്ട്. ഇവരുടെ ഒട്ടേറെ ശിഷ്യര്‍ ഗുരുവായൂരില്‍ അരങ്ങേറ്റം നടത്തിയിരുന്നു. വിവിധയിടങ്ങളില്‍ നൃത്തക്ലാസുകള്‍ നടത്തുന്ന അരുണ കോട്ടയ്ക്കലിലാണ് താമസം.

Exit mobile version