‘ഒരു കോടി നല്‍കാം, എന്റെ മകളുടെയും പേരക്കുട്ടിയുടെയും ജീവന്‍ തിരിച്ചുതരുമോ’: മെട്രോ തൂണ്‍ ദുരന്തത്തില്‍ പൊലിഞ്ഞ തേജസ്വിനിയുടെ പിതാവ്

ബംഗളൂരു: ‘ഞാന്‍ അവര്‍ക്ക് ഒരു കോടി രൂപ നല്‍കാം. എന്റെ മകളുടെയും പേരക്കുട്ടിയുടെയും ജീവന്‍ തിരിച്ചുകൊണ്ടുവരാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോ?
ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍, യുവതിയുടെ പിതാവ്.

മരിച്ചവരുടെ കുടുംബത്തിന് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് 20 ലക്ഷം രൂപയും കര്‍ണാടക സര്‍ക്കാര്‍ 10 ലക്ഷം രൂപയും നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുവതിയുടെ പിതാവ് മദന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

‘എനിക്ക് അവരുടെ നഷ്ടപരിഹാരം ആവശ്യമില്ല. ഞാന്‍ അവര്‍ക്ക് ഒരു കോടി രൂപ നല്‍കാം. എന്റെ മകളുടെയും പേരക്കുട്ടിയുടെയും ജീവന്‍ തിരിച്ചുകൊണ്ടുവരാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോ? അദ്ദേഹം ചോദിക്കുന്നു.

ബിഎംആര്‍സിഎല്ലിന്റെയും കരാറുകാരായ നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡിന്റെയും (എന്‍സിസി) ഭാഗത്തുനിന്ന് വ്യക്തമായ വീഴ്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന് പിതാവ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Read Also: ‘സേഫ് ആന്റ് സ്ട്രോങ്’ കോടികളുടെ തട്ടിപ്പ്: പ്രവീണ്‍ റാണ കോയമ്പത്തൂരില്‍ പിടിയില്‍

‘ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ തടയാനും ജീവന്‍ രക്ഷിക്കാനും സര്‍ക്കാര്‍ ശ്രമിക്കണമെന്ന് ആഗ്രഹിക്കുന്നു. കരാറുകാരനെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തുകയും ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും വേണം. മുഖ്യമന്ത്രി കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ നൂറുകണക്കിന് ജനജീവിതം അപകടത്തിലാകുമെന്നും തേജസ്വിനിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ചൊവ്വാഴ്ചയാണ് ബിഎംആര്‍സിഎല്ലിന്റെ മെട്രോ തൂണ്‍ ബൈക്കിന് മുകളിലേക്ക് വീണ് തേജസ്വിനി (28), മകന്‍ വിഹാന്‍ (രണ്ടര) എന്നിവര്‍ മരിച്ചത്. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് ലോഹിത് സോളാക്കിനും മകള്‍ വിസ്മിതക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവരും അപകടനില തരണം ചെയ്തു.

മക്കളെ പ്ലേ സ്‌കൂളില്‍ കൊണ്ടുവിടാനായി പോകുമ്പോഴായിരുന്നു അപകടം. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് മരിച്ച തേജസ്വനി. നാഗവര ഏരിയയില്‍ കല്യാണ്‍ നഗര്‍-എച്ച്.ആര്‍.ബി.ആര്‍ ലേ ഔട്ട് റോഡിലാണ് അപകടം നടന്നത്.

അതേസമയം, അപകടത്തില്‍ ബിഎംആര്‍സിഎല്‍, എന്‍സിസി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതായി കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. എന്‍സിസിയുടെ ജൂനിയര്‍ എഞ്ചിനീയര്‍ പ്രഭാകര്‍, ഡയറക്ടര്‍ ചൈതന്യ, സ്‌പെഷ്യല്‍ പ്രോജക്ട് മാനേജര്‍ മത്തായി, പ്രോജക്ട് മാനേജര്‍ വികാസ് സിംഗ്, സൂപ്പര്‍വൈസര്‍ ലക്ഷ്മിപാതു, ബിഎംആര്‍സിഎല്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മഹേഷ് ബെന്‍ഡേക്കരി, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വെങ്കിടേഷ് ഷെട്ടി എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Exit mobile version