വിവാഹത്തില്‍ 100 പേരില്‍ കൂടാന്‍ പാടില്ലെന്ന് നിര്‍ദേശം; ബിജെപി നേതാവിന്റെ കൊച്ചുമകളുടെ വിവാഹ നിശ്ചയത്തിനെത്തിയത് ആയിരങ്ങള്‍, നടപടി

Thousands of people dance | Bignewslive

സൂറത്ത്: ഗുജറാത്തില്‍ കൊവിഡിന്റെ രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളുമായി മുന്‍പോട്ട് പോവുകയാണ്. വിവാഹത്തിന് 100 പേരില്‍ കൂടാന്‍ പാടില്ലെന്ന നിര്‍ദേശം നിലനില്‍ക്കെ എല്ലാ കൊവിഡ് മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി ബിജെപി നേതാവിന്റെ കൊച്ചുമകളുടെ വിവാഹനിശ്ചയം. ഇവിടെ 100 അല്ല, ചടങ്ങിന് എത്തിയത് ആയിരങ്ങളാണ്. ആട്ടവും പാട്ടുമായി ഗംഭീര ആഘോഷമാണ് നടത്തിയത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനോടകം സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന് കഴിഞ്ഞു. ബിജെപി നേതാവും മുന്‍ മന്ത്രിയുമായ കാന്തി ഗാമിതിന്റെ കൊച്ചുമകളുടെ വിവാഹ നിശ്ചയമാണ് വിവാദത്തില്‍ കലാശിച്ചത്. താപി ജില്ലയിലെ സോന്‍ഗഢിലാണ് വിവാഹ നിശ്ചയം നടന്നത്. സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും നൂറുകണക്കിന് പേര്‍ ഒരുമിച്ച് നിന്ന് നൃത്തമാടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

അയ്യായിരത്തിലധികം പേര്‍ ചടങ്ങില്‍ പങ്കെടുത്തതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സംഭവം വിവാദമായതോടെ ബിജെപി നേതാവ് ക്ഷമ ചോദിച്ച് രംഗത്തെത്തി. സംഭവത്തില്‍ പോലീസും നടപടി എടുത്തതായാണ് വിവരം.

കാന്തി ഗമിതിന്റെ വാക്കുകള്‍;

‘എല്ലാ വര്‍ഷവും, ഞങ്ങളുടെ ഗ്രാമത്തില്‍ തുളസി വിവാഹിന്റെ ഘട്ടത്തില്‍ ഞങ്ങള്‍ ഒരു ചടങ്ങ് സംഘടിപ്പിക്കാറുണ്ട്. അതിനാല്‍, തിങ്കളാഴ്ച, എന്റെ ചെറുമകളുടെ വിവാഹനിശ്ചയ ചടങ്ങിനൊപ്പം ഞങ്ങള്‍ തുളസി വിവാഹ് സംഘടിപ്പിച്ചിരുന്നു. ഞങ്ങള്‍ ആളുകള്‍ക്ക് ഒരു ക്ഷണവും അയച്ചിരുന്നില്ല, പക്ഷേ ഒരു സന്ദേശം നല്‍കിയിരുന്നു. പേരക്കുട്ടിയുടെ വിവാഹനിശ്ചയ ചടങ്ങ് കൂടിയായതിനാല്‍ രണ്ടായിരത്തോളം അതിഥികള്‍ക്കായി ഞങ്ങള്‍ അത്താഴവും സംഘടിപ്പിച്ചിരുന്നു. ഇത്രയധികം ആളുകള്‍ എത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. അത്താഴത്തിന് ശേഷം ഒരു നൃത്ത പരിപാടിയും ഉണ്ടായിരുന്നു. ധാരാളം ആളുകള്‍ ഇതില്‍ പങ്കെടുത്തും. സംഭവത്തില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.

Exit mobile version