പന്ത് കളിയില്‍ നുമ്മ പൊളിയാണ്…! 12 മണിക്കൂറില്‍ 4500 പെനല്‍റ്റി കിക്ക്, ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടി കേരളം

ജില്ലയിലെ 80 സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളും 14 ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്നുള്ളവരും കിക്കെടുക്കാനെത്തി.

മലപ്പുറം: രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ 12 മണിക്കൂറില്‍ 4500 പെനല്‍റ്റി കിക്കെടുത്ത് ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടി കേരളത്തിന്റെ മലപ്പുറം. സംസ്ഥാന കായികവകുപ്പ് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ‘ഡ്രീം ഗോള്‍ ഗിന്നസ് റെക്കോഡി’ലാണ് പെനല്‍റ്റിയടിക്കാന്‍ മലപ്പുറം ഒഴുകിയെത്തിയത്.

2500 പേരെങ്കിലും കിക്കെടുക്കണമെന്നായിരുന്നു നിബന്ധന. ജില്ലയിലെ 80 സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളും 14 ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്നുള്ളവരും കിക്കെടുക്കാനെത്തി. സ്ത്രീകളുള്‍പ്പെടെ നാട്ടുകാരും റെക്കോഡിലേക്ക് പന്തുതട്ടി.

ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സ് വിദേശ പ്രതിനിധിയും ഇന്ത്യന്‍ പ്രതിനിധികളും നിരീക്ഷകരായി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ യു ഷറഫലി ആദ്യ പെനല്‍റ്റിയെടുത്തു. മന്ത്രി വി അബ്ദുറഹിമാനാണ് അവസാന കിക്കെടുത്തത്. ഒരുമണിക്കൂറില്‍ ജര്‍മന്‍ പ്രൊഫഷണല്‍ ഫുട്‌ബോളര്‍മാര്‍ എടുത്ത 600 കിക്കായിരുന്നു നിലവിലെ റെക്കോഡ്. ഇത് മറികടന്നാണ് മലയാളികളുടെ റെക്കോര്‍ഡ് നേട്ടം.

ലോകത്ത് പലരാജ്യങ്ങളും ശ്രമിച്ച് പരാജയപ്പെട്ടിടത്താണ് കേരളത്തിന്റെ വിജയം. 12 മണിക്കൂര്‍കൊണ്ട് ഏറ്റവുമധികം പെനാല്‍റ്റി കിക്കുകള്‍ പൂര്‍ത്തിയാക്കി ലോക റെക്കോഡ് സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് കേരളം കൈവരിച്ചത്. വൈകിട്ട് പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഗിന്നസ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

Exit mobile version