ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റം: പൂട്ടിയാല്‍ വീണ്ടും തുറക്കല്‍ എളുപ്പമാകില്ല; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വിശദീകരണം.

ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ കേസെടുക്കുമ്പോള്‍ ശക്തമായ വകുപ്പുകള്‍ ചുമത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മുഴുവന്‍ പരിശോധനയ്ക്ക് അധികാരമുള്ള സ്പെഷ്യല്‍ ടാസ്‌ക്ക് ഫോഴ്സ് രണ്ടുദിവസത്തിനകം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കാസര്‍കോട് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെടുക്കും. ഭക്ഷണത്തില്‍ മായം കലര്‍ത്തുന്ന സ്ഥാപനങ്ങള്‍ പൂട്ടിയാല്‍ വീണ്ടും തുറക്കല്‍ എളുപ്പമാകില്ലെന്നും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.

ഉദ്യോഗസ്ഥര്‍ക്ക് ഭയമില്ലാതെ നടപടിയെടുക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തും. ഉദ്യോഗസ്ഥര്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്നും മന്ത്രി പ്രതികരിച്ചു. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് സ്വദേശിനി അജ്ഞുശ്രീയാണ് മരിച്ചത്.

Exit mobile version