കയറ്റത്തിൽ ബസ് നിർത്തിയിട്ട് ഡ്രൈവർ ഇറങ്ങിപ്പോയി; പിന്നോട്ടുരുണ്ട് പോയ സ്വകാര്യ ബസിനെ ഇടിച്ചു നിർത്തി ആനവണ്ടി! ഒഴിവായത് വൻ ദുരന്തം

ചെറുതോണി: സ്വകാര്യ ബസ് കയറ്റത്തിൽ നിർത്തിയ ശേഷം ഡ്രൈവർ ഇറങ്ങിപ്പോയതിന് പിന്നാലെ ബസ് പിന്നോട്ടുരുണ്ടുപോയി. തടയിട്ട് നിർത്തി വൻ ദുരന്തം ഒഴിവാക്കിയതാകട്ടെ കെഎസ്ആർടിസി ബസും. വെള്ളിയാഴ്ച വൈകീട്ട് 6.30-ന് ചെറുതോണി ടൗണിലാണ് അപകടം നടന്നത്. തൊടുപുഴയിൽ നിന്നും തോപ്രാംകുടിക്ക് പോയ പ്രകാശ് ബസാണ് കയറ്റത്ത് നിർത്തിയിട്ടതിനെ തുടർന്ന് പിറകോട്ടുരുണ്ടത്.

തൊട്ടുപിന്നാലെ വന്ന കെ.എസ്.ആർ.ടി.സി ബസിനെ ഇടിച്ചു നിർത്തുകയായിരുന്നു. കട്ടപ്പനയിൽനിന്ന് കോഴിക്കോടിന് പോയ കെ.എസ്.ആർ.ടി.സി.ബസ് ആണ് രക്ഷകനായത്. ക്രിസ്മസ് പ്രമാണിച്ച് ചെറുതോണി ടൗണിൽ ജനത്തിരക്കുള്ള സമയത്താണ് അപകടം നടന്നത്. വൻ ദുരന്തത്തിൽ നിന്നാണ് കേരളത്തിന്റെ സ്വന്തം ആനവണ്ടി കരകയറ്റിയത്.

സംഭവത്തിന് പിന്നാലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ബസ് നിർത്തിയതിനെതിരേ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കുതർക്കം നടന്നു. എന്നാൽ യാതൊരു തർക്കത്തിനും നിൽക്കാതെ കെഎസ്ആർടിസി ബസ് യാത്ര തുടർന്നു. ബസ് തിരികെ എത്തിയാൽ ഉടനെ ആർ.ടി.ഒ.യ്ക്ക് പരാതി നൽകുമെന്ന് കെ.എസ്.ആർ.ടി.സി. ജീവനക്കാർ പറഞ്ഞു.

Exit mobile version