ആളെണ്ണത്തിന് കൈക്കൂലി! അയ്യപ്പഭക്തരുടെ വാഹനം കടത്തിവിടാന്‍ പണം വാങ്ങി ഉദ്യോഗസ്ഥര്‍; ഡ്രൈവര്‍ വേഷത്തിലെത്തി പണം പിടിച്ചെടുത്ത് വിജിലന്‍സ് ഉദ്യോഗസ്ഥന്‍

ഇടുക്കി: അയ്യപ്പ ഭക്തരുടെ വാഹനം കുമളി അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റ് കടക്കുന്നതിനിടെ കൈക്കൂലി വാങ്ങിച്ച ഉദ്യോഗസ്ഥര്‍ക്ക് എട്ടിന്റെ പണി. മോട്ടോര്‍വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റിലാണ് അഴിമതി നടന്നിരുന്നത്. ഇവിടെ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തി.

പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 4000 രൂപയാണ് കണ്ടെത്തിയിരിക്കുന്നത്. മേശയുടെ അടിയിലും മറ്റുമായാണ് പണം ഒളിപ്പിച്ചിരുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന എഎംവിഐ മദ്യപിച്ചിരുന്നതായും കണ്ടെത്തി. രാത്രി ഒരു മണിയോടെയായിരുന്നു പരിശോധന നടന്നത്. പത്ത് മിനിറ്റ് കൊണ്ടാണ് 4000 രൂപ കൈക്കൂലിയായി ലഭിച്ചതെന്ന് വിജിലന്‍സ് കണ്ടെത്തി

ചെക്ക് പോസ്റ്റില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. വാഹനങ്ങളില്‍ എത്തുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് കൈക്കൂലി വാങ്ങിയിരുന്നത്.

ഒരാള്‍ക്ക് നൂറ് രൂപ എന്ന നിരക്കിലായിരുന്നു കൈക്കൂലി വാങ്ങിയിരുന്നത്. തുടര്‍ന്ന് അയ്യപ്പഭക്തരുടെ വാഹനത്തിന്റെ ഡ്രൈവറുടെ വേഷത്തിലാണ് വിജിലന്‍സ് ഉദ്യോഗസ്ഥന്‍ പരിശോധനയ്ക്ക് എത്തിയത്.

ALSO READ- കൈ ഷര്‍ട്ടില്‍ ഒളിപ്പിച്ച് ഒറ്റകൈ നാടകം നടത്തി ഭിക്ഷാടനം; പോലീസ് വിരട്ടിയതോടെ ഷര്‍ട്ടൂിനുള്ളില്‍ നിന്നും രണ്ടു കൈകളും പുറത്തേക്ക്; വ്യാജന്‍ പിടിയില്‍

ഇവിടെ വെച്ച് ചെക്ക് പോസ്റ്റില്‍ എത്തിയ ഉദ്യോഗസ്ഥന്‍ ആദ്യം 500 രൂപ നല്‍കി, എന്നാല്‍ പത്ത് പേരുടെ പാസ് ഉള്ളതിനാല്‍ 1000 രൂപ വേണമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നയാള്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ചോദിച്ച പണം നല്‍കി. ഉടന്‍ തന്നെ ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.

പാസ് എടുത്ത് അതിര്‍ത്തി കടന്നുവരുന്ന അയ്യപ്പഭക്തരുടെ വാഹനങ്ങളുടെ പെര്‍മിറ്റില്‍ സീല്‍ ചെയ്യുന്നതിനാണ് കൈക്കൂലി ഈടാക്കിയിരുന്നത്.

Exit mobile version