കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; എംബിബിഎസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, വിയോഗം ഫുട്‌ബോൾ ടീമിന്റെ സെലക്ഷനുള്ള യാത്രയ്ക്കിടെ, തീരാനോവ്

കണ്ണൂർ: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് നാലാം വർഷ വിദ്യാർത്ഥി മിഫ്സലു റഹ്മാൻ ആണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ കണ്ണൂർ തളിപ്പറമ്പ് ഏഴാം മൈലിൽ വെച്ചായിരുന്നു അപകടം നടന്നത്.

മികച്ച ഫുട്ബോൾ കളിക്കാരനായ മിഫ്സാലു റഹ്മാൻ കോഴിക്കോട് രാവിലെ നടക്കുന്ന സർവ്വകലാശാല ഫുട്ബോൾ ടീമിന്റെ സെലക്ഷനിൽ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു. ഈ യാത്രയാണ് അപകടത്തിൽ കലാശിച്ചത്. പാലക്കാട് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ഡീലെക്സ് എയർ ബസും മിഫ്സാലു റഹ്മാൻ സഞ്ചരിച്ച ബൈക്കും തമ്മിൽ ദേശീയപാതയിൽ കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മിഫ്സാലു റഹ്മാനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മസ്‌കറ്റിൽ ജോലി ചെയ്യുന്ന കെ.പി ഫസലൂ റഹ്മാനാണ് പിതാവ്. മാതാവ് പി.പി മുംതാസും മസ്‌ക്കറ്റിലാണ്.

Exit mobile version