തെരുവ് നായ്ക്കളെ കണ്ട് ഭയന്നോടിയ പോലീസ് നായയ്ക്ക് സ്‌കൂട്ടര്‍ ഇടിച്ച് ദാരുണാന്ത്യം; ഔദ്യോഗിക ബഹുമതികളോടെ അന്ത്യയാത്ര

കൊച്ചി: എറണാകുളത്തെ തെരുവ് നായ്ക്കളുടെ ശല്യം ഒരു ജീവനു കൂടി എടുത്തിരിക്കുകയാണ്. തെരുവ് നായക്കൂട്ടത്തെ കണ്ട് ഭയന്നോടിയ പോലീസ് നായയ്ക്ക് ദാരുണാന്ത്യം. സ്‌കൂട്ടറിടിച്ച് പരിക്കേറ്റ നായയുടെ ജീവന്‍ രക്ഷിക്കാനായില്ല. എറണാകുളം സിറ്റി പൊലീസിന് കീഴിലുള്ള ഹില്‍പാലസ് ഡോഗ്സ്വാഡിലുള്ള ‘ഒലിവര്‍’ ആണ് വിടവാങ്ങിയത്.

ശനിയാഴ്ച്ച രാത്രി 8.30നായിരുന്നു സംഭവം. പരിപാലകന്‍ സമീപത്തെ ഗ്രൗണ്ടില്‍ കൊണ്ടുപോയപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരുകൂട്ടം തെരുവുനായകള്‍ ഒലിവറിന് നേരെ തിരിഞ്ഞിരുന്നു. ഇതോടെ ഭയന്ന ഒലിവര്‍ പോലീസുകാരന്റെ കൈയില്‍ നിന്നും ലീഷ് വിട്ട് ഓടുകയായിരുന്നു.

പിന്നീട് നായ സീപോര്‍ട്ട് റോഡിലൂടെ പോകുകയായിരുന്ന സ്‌കൂട്ടറിന് മുന്നില്‍ അകപ്പെടുകയായിരുന്നു. പരിക്കേറ്റ നായയെ എരൂരിലെ പെറ്റ് കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശൂര്‍ പൊലീസ് അക്കാദമിയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ ഒലിവര്‍ സേവനത്തിനായി ഹില്‍പാലസ് പോലീസ് സ്‌ക്വാഡില്‍ എത്തുകയായിരുന്നു.

also read-തോറ്റാലെന്ത്? ഇതിഹാസതാരത്തിന് ഒപ്പം ഫോട്ടോ എടുക്കാന്‍ ക്യൂ നിന്ന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍; മെസിയോടൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍!

നായയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഹില്‍പാലസിലെ ഡോഗ്സ്‌ക്വാഡ് ആസ്ഥാനത്ത് സംസ്‌കരിച്ചു. ഡിഎച്ച്ക്യു കമാന്‍ഡന്‍ഡ് കെ സുരേഷ്, സ്റ്റേറ്റ് ലെവല്‍ െ-9 ചാര്‍ജ് ഓഫിസര്‍ എസ് സുരേഷ്, പോലീസ് വെറ്ററിനറി സര്‍ജന്‍ ബിഎസ് സുമന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

Exit mobile version