മോഷണം കൈയ്യോടെ പിടികൂടി ജോലിയില്‍ നിന്നും പറഞ്ഞുവിട്ടു; പ്രതികാരത്തിന് അതിഥി തൊഴിലാളി മലപ്പുറത്തെ കട കത്തിച്ചു; നാട്ടിലേക്ക് മുങ്ങി; പരാതി

മലപ്പുറം: കടയില്‍ ജോലിക്കാരനായിരുന്ന അതിഥി തൊഴിലാളിയുടെ മോഷണം കൈയ്യോടെ പിടികൂടിയതോടെ പ്രതികാരമായി കടയ്ക്ക് തീ വെച്ചതായി പരാതി. ഇയാള്‍ പണം കവര്‍ന്നതോടെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഈ പ്രതികാരത്തിന്റെ ഭാഗമായാണ് കട തീവെച്ച് നശിപ്പിച്ച് ഇയാള്‍ സ്വന്തം നാട്ടിലേക്ക് കടന്നത്.

രാത്രിയില്‍ കടയ്ക്ക് തീകൊളുത്തിയ ശേഷം പ്രതി നാട്ടിലേക്ക് മുങ്ങിയെന്നാണ് തിരൂരങ്ങാടി ചന്തപ്പടിയിലെ ടയര്‍ പഞ്ചര്‍ കടയുടമ പരാതിപ്പെട്ടിരിക്കുന്നത്. ഇവിടെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന ബിഹാര്‍ സ്വദേശി ആലം. ഇയാള്‍ ആണ് കടയ്ക്ക് തീയിട്ട ശേഷം നാട്ടിലേക്ക് മുങ്ങിയത്. കടയുടമ കെടി അമാനുള്ളയാണ് പരാതിക്കാരന്‍.

കടയില്‍ ജോലി ചെയ്തിരുന്ന സ്ഥിരം ജീവനക്കാരന്‍ അവധിയിലായിരുന്നു. തുടര്‍ന്നാണ് ആലം പരക്കാരനായി എത്തിയത്. ഇയാള്‍ കടയിലെത്തിയത് മുതല്‍ കടയില്‍ നിന്ന് പണം നഷ്ടമാകുന്നത് ഉടമയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. നിരന്തരം നിരീക്ഷിച്ചതിനെ തുടര്‍ന്ന് പണമെടുക്കുന്നത് ഇയാളാണെന്ന് കണ്ടെത്തുകയായിരുന്നു.

ഇതോടെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഈ സംഭവത്തോടെ ഉണ്ടായ വൈരാഗ്യത്തില്‍ ആലം ഇന്നലെ രാത്രി കടയ്ക്ക് തീയിടുകയായിരുന്നു. ഇയാള്‍ കൂടെയുള്ളവരെ മുറിയില്‍ പൂട്ടിയിട്ട ശേഷം കടയുടെ താക്കോല്‍ കൈവശപ്പെടുത്തിയാണ് ബൈക്കെടുത്ത് തിരൂരങ്ങാടിയിലെത്തിയത്. ഇവിടെ നിന്നും കടയ്ക്ക് തീവെച്ചതിന് ശേഷം ആലം ബൈക്കില്‍ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിന്‍ കയറി പോവുകയായിരുന്നു.

ALSO READ- കോര്‍പ്പറേഷന്റെ മാത്രമല്ല, സ്വകാര്യ വ്യക്തികളുടെ പണവും കോഴിക്കോട്ടെ ബാങ്കില്‍ നിന്നും നഷ്ടമായി; 21.5 കോടി തട്ടി മുന്‍ മാനേജര്‍ റിജില്‍

പുലര്‍ച്ചെ ഫുട്ബോള്‍ കളി കണ്ട് തിരികെ വന്നവരാണ് തീപിടിത്തം കണ്ടത്. തുടര്‍ന്ന് ് പോലീസിനേയും താനൂരില്‍ നിന്ന് 2 യൂണിറ്റ് അഗ്നിരക്ഷാ സേനയെയും നാട്ടുകാര്‍ വിളിച്ചുവരുത്തുകയായിരുന്നു. തീപിടിത്തത്തില്‍ ടയറുകളും ട്യൂബുകളും യന്ത്രവും കത്തി നശിച്ചതായി ഉടമ പറഞ്ഞു. പ്രതിയെ കണ്ടെത്താനുള്ള നടപടി തുടങ്ങിയെന്ന് പോലീസും അറിയിച്ചു.

Exit mobile version