എല്‍ദോസ് കുന്നപ്പിള്ളിയെപാര്‍ട്ടി പരിപാടിക്ക് ക്ഷണിച്ചു; വിമര്‍ശനം ഉയര്‍ന്നതോടെ വിലക്കി ഡിസിസി; വിവാദമാക്കേണ്ടെന്ന് വിശദീകരിച്ച് ഡിസിസി

കൊച്ചി:പീഡനകേസ് പ്രതിയായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് പാര്‍ട്ടി പരിപാടിയിലേക്ക് ക്ഷണം. പെരുമ്പാവൂര്‍ ബ്ലോക്ക് കമ്മിറ്റിയാണ് പരിപാടികളിലേക്ക് ക്ഷണിച്ച് കൊണ്ട് നോട്ടീസ് ഇറക്കിയത്. കുന്നപ്പിള്ളിയുടെ ചിത്രം വച്ച പോസ്റ്ററും പുറത്തിറക്കി.

സംഭവം വിവാദമായിരിക്കുകയാണ്. സസ്‌പെന്‍ഷന്‍ നിലനില്‍ക്കെ കുന്നപ്പിള്ളിയെ ക്ഷണിച്ചതിന് എതിരെ പ്രതിഷേധവുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തി. പീഡനക്കേസിലെ പ്രതിയെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് തെറ്റായ സന്ദേശം നല്‍കും എന്ന് വാദം ഉയര്‍ന്നതോടെ പ്രാദേശിക പരിപാടികള്‍ക്ക് വിലക്കില്ലെന്നായിരുന്നു പ്രാദേശിക നേതാക്കള്‍ വിശദീകരിച്ചത്.

also read- അപകടത്തിൽ കാഴ്ച ശക്തി നഷ്ടപ്പെട്ടു; മകനെ ചേർത്ത് പിടിച്ച് വഴിയോര കാഴ്ചകളും കഥകൾ പറഞ്ഞ് കൊടുത്തും പിതാവിന്റെ നടത്തം! തകർന്ന് പോയ മകന് ധൈര്യം കൊടുത്ത് ഷിബു

എന്നാല്‍ സംഭവം വലിയ ചര്‍ച്ചയായതോടെ പരിപാടിക്ക് എംഎല്‍എയെ പങ്കെടുപ്പിക്കുന്നത് വിലക്കി ഡിസിസി നേതൃത്വം രംഗത്തെത്തി .എല്‍ദോസ് കുന്നപ്പിള്ളി പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് ഡിസിസി അറിയിച്ചു.

പ്രാദേശിക നേതൃത്വത്തിന്റെ അറിവില്ലായ്മ മൂലം സംഭവിച്ചതാണെന്നും വിവാദമാക്കേണ്ടതില്ലെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു.

Exit mobile version