കണ്ണീരില്‍ കുതിര്‍ന്ന് പുതുവത്സരം; വ്യത്യസ്ത വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് ആറു ജീവനുകള്‍

കൊല്ലം: പുതുവത്സരം ആഘോഷത്തിനൊപ്പം കണ്ണീരിന്റേതുമായി. പുതുവത്സരത്തലേന്നു രാത്രിയില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. രാത്രി 12.45നു ടൗണില്‍ ഫില്‍റ്റര്‍ഹൗസിനു സമീപത്തുണ്ടായ അപകടത്തില്‍ പുത്തൂര്‍ മാവടി അജയഭവനത്തില്‍ അജയന്‍ (29) ആണു മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പടിഞ്ഞാറെ കല്ലട കാളിമുക്ക് സ്വദേശി അനിമോന്‍ ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

പുത്തൂരില്‍ ലോട്ടറി വില്‍പന സ്ഥാപനത്തില്‍ സെയില്‍സ്മാനാണ് അജയന്‍. ആഞ്ഞിലിമൂട് ഭാഗത്തുള്ള സുഹൃത്തിനെ കണ്ടശേഷം പുത്തൂരിലേക്കു മടങ്ങുംവഴി എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്കു തെറിച്ചുവീണ ഇരുവര്‍ക്കും തലയ്ക്കു പരുക്കേറ്റിരുന്നു. മൃതദേഹം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ ദമ്പതികള്‍ ബൈക്ക് കാറിലിടിച്ച് മരിച്ചതും നാടിനെ കണ്ണീരിലാഴ്ത്തി. വണ്ടാനം പറമ്പിപള്ളി തെക്കേതില്‍ സനീഷ് (23), ഭാര്യ രേഷ്മ രമേശ് (മീനു 23) എന്നിവരാണ് മരിച്ചത്.

ഓയൂരില്‍ മിനി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്, ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന കശുവണ്ടിത്തൊഴിലാളിയായ സ്ത്രീ മരിച്ചു. രാവിലെയായിരുന്നു അപകടം. ഓയൂര്‍ ചെങ്കുളം മുടിയൂര്‍ക്കോണം നിരപ്പുവിള വീട്ടില്‍ മാധുരി (മാളു-26) ആണു മരിച്ചത്. ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഭര്‍ത്താവ് കുമാറിനെ (29) സാരമായ പരുക്കുകളോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് ചേളന്നൂര്‍ ഏഴേആറിനു സമീപം ബാലുശ്ശേരി റോഡില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് 2 യുവാക്കള്‍ മരിച്ചു. പുലര്‍ച്ചെയാണു സംഭവം. പുനത്തില്‍ത്താഴം ചിറക്കുഴി റോഡില്‍ വാലിപ്പുറത്തു സുധാകരന്റെ മകന്‍ സ്‌നിജിന്‍ (21), കണ്ണന്‍ചിറ അഞ്ചാം വളവ് പാണരുകണ്ടിയില്‍ ജയന്റെ മകന്‍ അഭിഷേക് (21) എന്നിവരാണു മരിച്ചത്.

Exit mobile version