നീലക്കുറിഞ്ഞി കരിഞ്ഞുവീഴുന്നു; പ്രതീക്ഷയോടെ ഒഴുകി എത്തിയ സഞ്ചാരികള്‍ക്ക് നിരാശ

ശാന്തന്‍പാറ: ലക്ഷക്കണക്കിന് സഞ്ചാരികളെ വരവേറ്റ കള്ളിപ്പാറയില്‍ നീലക്കുറിഞ്ഞി വസന്തത്തിന് അന്ത്യമാകുന്നു. ഇത്തവണ നീലക്കുറിഞ്ഞി വിരിഞ്ഞ കള്ളിപ്പാറ മലനിരകളില്‍ നിന്നും പൂക്കള്‍ അന്യമായി തുടങ്ങി. എങ്കിലും സഞ്ചാരികളുടെ കൂട്ടത്തോടെയുള്ള ഒഴുക്ക് തുടരുകയാണ്.

അതിരാവിലെ തന്നെ മലയകയറി ക്ഷീണിച്ച് കുറിഞ്ഞി വസന്തം കാണാന്‍ വരുന്ന സഞ്ചാരികളെ നിരാശരാക്കുകയാണ് കരിഞ്ഞുപോയ പൂക്കള്‍. അതേസമയം, ടൂറിസത്തിന് മികച്ച വസന്തം കൂടിയാണ് കേവലം രണ്ടര ആഴ്ചയോളം മാത്രം പൂത്തുനിന്ന നീലകുറിഞ്ഞി സമ്മാനിച്ചിരിക്കുന്നത്. ഈ ഒരു മാസത്തിനിടെ രണ്ടു ലക്ഷത്തോളം പേരാണ് കള്ളിപ്പാറയിലെത്തി പൂക്കള്‍ കണ്ടത്.

പ്രകൃതി സുന്ദരി ആണെങ്കിലും അധികം സന്ദര്‍ശകരില്ലാതിരുന്ന കള്ളിപ്പാറ മലനിര കുറിഞ്ഞിവസന്തത്തോടെയാണ് സഞ്ചാരികളാല്‍ നിറഞ്ഞത്. ഇരുപത് ദിവസത്തോളമായി സഞ്ചാരികളുടെ മനം നിറച്ച നീലകുറിഞ്ഞികളില്‍ വളരെ വിരളമായവ മാത്രമാണ് ഇപ്പോഴും പൂത്തു നില്‍ക്കുന്നത്.

എങ്കിലും കേരളത്തിന് അകത്തും പുറത്തും നിന്നുമായി ഇപ്പോഴും സന്ദര്‍ശകരുടെ പ്രവാഹമാണ്. ഒരിക്കലെങ്കിലും കാണണമെന്നാഗ്രഹിച്ച് എത്തിയ പൂക്കള്‍ കുറച്ചെങ്കിലും കാണാന്‍ കഴിഞ്ഞെന്ന ആശ്വാസത്തിലാണ് മിക്കവരും മടങ്ങുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ശാന്തമ്പാറ പഞ്ചായത്തിന്റെ വിവിധ മലനിരകളില്‍ നീലകുറിഞ്ഞികള്‍ പൂവിടുന്നുണ്ട്.

also read- ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ നിര്‍ദേശിച്ചു; പ്രകോപിതനായ രോഗി വനിതാ ഡോക്ടറെ മര്‍ദ്ദിച്ച് കൈയ്യൊടിച്ചു; മണക്കാട് സ്വദേശി പിടിയില്‍

Exit mobile version