വിനോദയാത്രയ്ക്കായി എത്തി; ധര്‍മ്മടം അഴിമുഖത്ത് കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ക്ക് ദാരുണമരണം

ധര്‍മടം : വിനോദയാത്രയ്ക്കായി ഗൂഡല്ലൂരില്‍ നിന്നും ധര്‍മടം അഴിമുഖത്ത് എത്തിയ യുവാക്കള്‍ ചാത്തോടം ബീച്ചില്‍ മുങ്ങിമരിച്ചു. കടലില്‍ കുളിക്കാനിറങ്ങിയ വിനോദയാത്രാസംഘത്തിലുണ്ടായിരുന്ന ഗൂഢല്ലൂര്‍ എസ്എഫ് നഗര്‍ സ്വദേശികളായ മുരുകന്റെ മകന്‍ അഖില്‍ (23), കൃഷ്ണന്റെ മകന്‍ സുനീഷ് (23) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.ദീപാവലി ആഘോഷിക്കാനായാണ് ഗൂഢല്ലൂരില്‍നിന്ന് ഏഴുപേരടങ്ങുന്ന സംഘം മാഹിയിലെത്തിയത്. ഇവിടെ മുറിയെടുത്ത് താമസിച്ച സുഹൃത്തുക്കള്‍ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച് കാണാന്‍ പോകുന്ന വഴിയാണ് ധര്‍മടത്തെത്തിയത്.

കൂട്ടുകാര്‍ മറ്റൊരിടത്ത് കാഴ്ചകള്‍ ആസ്വദിക്കുന്നതിനിടയില്‍ അഖിലും സുനീഷും ബീച്ചില്‍ കുളിക്കാനിറങ്ങിയിരുന്നു. പിന്നീട് കൂട്ടുകാര്‍ തിരിച്ചെത്തിയിട്ടും അഖിലിനെയും സുനീഷിനെയും കണ്ടില്ല. ഇരുവരുടെയും വസ്ത്രങ്ങള്‍ തീരത്തുണ്ടായിരുന്നു. തുടര്‍ന്നാണ് നാട്ടുകാരെ വിവരം അറിയിച്ചത്. അഗ്നിരക്ഷാസേനയും മുങ്ങല്‍ വിദഗ്ധരും എത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെ വൈകീട്ടോടെയാണ് അഖിലിന്റെ മൃതദേഹം കിട്ടിയത്.

also read- അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി; ആറ് വയസുകാരന് ദാരുണ മരണം! അപകടം ദീപാവലി ആഘോഷത്തിനായുള്ള ഒരുക്കങ്ങൾക്കിടെ
സുനീഷിന്റെ മൃതദേഹം രാത്രി ഒന്‍പതോടെ ധര്‍മടം വിനോദസഞ്ചാര കേന്ദ്രത്തിന് സമീപത്തുനിന്നാണ് കണ്ടെത്തുകയായിരുന്നു. ഇരുവരും ഇലക്ട്രിക് ജോലി ചെയ്യുന്നവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. വിനോദയാത്ര ദുരന്തമായി പര്യവസാനിച്ചതിന്റെ വിങ്ങലിലാണ് സുഹൃത്തുക്കള്‍.

Exit mobile version