പങ്കാളി പിണങ്ങിപ്പോയി; ഇന്‍സ്റ്റഗ്രാമില്‍ ലൈവിട്ട് യുവതിയുടെ ആത്മഹത്യാശ്രമം; കരമന പോലീസ് ഇരച്ചെത്തിയപ്പോള്‍ കണ്ടത് തക്കാളി സോസ്!

തിരുവനന്തപുരം: പിണങ്ങി പോയ പങ്കാളിയെ ഭയപ്പെടുത്താനായി യുവതി കളിച്ച നാടകത്തില്‍ പെട്ടുപോയത് പോലീസ്. ഇന്‍സ്റ്റഗ്രാം പേജിലൂടെ ലൈവായി എത്തിയായിരുന്നു യുവതിയുടെ വ്യാജ ആത്മഹത്യാശ്രമം. ആലപ്പുഴ സ്വദേശിയായ യുവതിയാണ് നെയ്യാറ്റിന്‍കര സ്വദേശിയായ യുവാവിനെ ഭയപ്പെടുത്താനായി ഇന്‍സ്റ്റഗ്രാമില്‍ ലൈവില്‍ എത്തി വ്യാജ ആത്മഹത്യ ഭീഷണി മുഴക്കിയത്.

തന്റെ ഞരമ്പു മുറിച്ചെന്ന് കാണാക്കാന്‍ യുവതി കൈത്തണ്ടയില്‍ ടൊമാറ്റോ സോസ് പുരട്ടുകയായിരുന്നെന്ന് പിന്നീട് മനസിലായി. തിരുവനന്തപുരം കരമന മേലാറന്നൂരില്‍ ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവമുണ്ടായത്.

യുവതി ലൈവിലൂടെ ആത്മഹത്യാശ്രമം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഇന്‍സ്റ്റഗ്രാം മോണിറ്ററിങ് സെല്‍ അധികൃതര്‍ കേരളത്തില്‍ ഒരു യുവതി ഇന്‍സ്റ്റാഗ്രാമില്‍ ലൈവിട്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുണ്ടെന്ന് കൊച്ചി സൈബര്‍ സെല്ലിനെ അറിയിക്കുകയായിരുന്നു. കൈ ഞരമ്പ് മുറിച്ച നിലയിലുള്ള ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ യുവതി പങ്കുവെച്ചത്. ഈ ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മെറ്റാ അധികൃതര്‍ സൈബര്‍ സെല്ലിനെ വിവരം അറിയിച്ചത്.

ALSO READ- എല്‍ദോസ് കുന്നപ്പിള്ളിയുടെ വസ്ത്രങ്ങള്‍ പരാതിക്കാരിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി; പീഡിപ്പിച്ച സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു; എംഎല്‍എ ഒളിവില്‍ തന്നെ

വീഡിയോയ്ക്ക് ഒപ്പം യുവതിയുടെ ഐപി അഡ്രസ്സും മെറ്റാ ടീം സൈബര്‍ സെല്ലിന് കൈമാറി. ഇതോടെ യുവതിയുടെ പ്രൊഫൈല്‍ പരിശോധിച്ച സൈബര്‍സെല്‍ ഇവരെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം ചേര്‍ത്തല, കരമന പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ മിനിറ്റുകള്‍ക്കുള്ളില്‍ യുവതിയുടെ താമസസ്ഥലത്ത് പാഞ്ഞെത്തുകയായിരുന്നു.

എന്നാല്‍ പോലീസെത്തിയുള്ള പരിശോധനയില്‍ യുവതി നടത്തിയത് വ്യാജ ആത്മഹത്യ ഭീഷണിയാണെന്ന് വ്യക്തമായി. പോലീസ് സ്ഥലത്ത് എത്തിയതിന് പിന്നാലെ യുവാവും വീട്ടിലേക്ക് എത്തിയിരുന്നു.

അതേസമയം, പങ്കാളി പിണങ്ങിയപ്പോഴാണ് വ്യാജ ആത്മഹത്യ ശ്രമം നടത്തിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച യുവതിയും സുഹൃത്തും തമ്മില്‍ വഴക്കിട്ടിരുന്നു. ഇതോടെ യുവാവ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി.

യുവാവിനെ ഫോണില്‍ വിളിച്ചിട്ട് ബന്ധപ്പെടാന്‍ കഴിയാതിരിക്കുകയും തിരികെ എത്താതിരിക്കുകയും ചെയ്തതോടെയാണ് യുവതി വ്യാജ ആത്മഹത്യാശ്രമം നടത്തിയത്. യുവതിയെ ബന്ധുവിനൊപ്പം പറഞ്ഞയച്ചതായി കരമന പോലീസ് അറിയിച്ചു.

Exit mobile version