കാണാതായ യുവാവിനെ കണ്ടെത്താന്‍ സുഹൃത്തിന്റെ വീടിന്റെ തറ പൊളിച്ചു; തെളിഞ്ഞത് ‘ദൃശ്യം’ മോഡല്‍ കൊലപാതകം; ചങ്ങനാശേരിയില്‍ ഞെട്ടല്‍

കോട്ടയം: കോട്ടയം ചങ്ങനാശ്ശേരിയെ ഞെട്ടിച്ച് ‘ദൃശ്യം’ മോഡല്‍ കൊലപാതകം. സുഹൃത്തായ യുവാവിനെ കൊലപ്പെടുത്തി വീടിനകത്ത് തറ പൊളിച്ച് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. ചങ്ങനാശ്ശേരി എസി റോഡില്‍ രണ്ടാം പാലത്തിന് സമീപത്തെ മുത്തുകുമാറിന്റെ വീട്ടില്‍ പോലീസ് സംശയം മാറ്റാനായി തറ പൊളിച്ച് നടത്തിയ പരിശോധനയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

കണ്ടെടുത്ത മൃതദേഹം ആലപ്പുഴ സ്വദേശി ബിന്ദുകുമാറി(41)ന്റേതാണെന്നാണ് പോലീസിന്റെ സംശയം. എന്നാല്‍, ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് പറഞ്ഞു. മൃതദേഹം കണ്ടെടുത്ത വീട്ടിലെ ഗൃഹനാഥനായ മുത്തുകുമാര്‍ സുഹൃത്തായ ബിന്ദുകുമാറിനെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം. കൊലപാതകത്തിന് ശേഷം മൃതദേഹം വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടെന്നും പിന്നീട് കോണ്‍ക്രീറ്റ് ചെയ്തതാണെന്നുമാണ് പ്രാഥമിക നിഗമനം.

ആലപ്പുഴ സ്വദേശി ബിന്ദുകുമാറിനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സെപ്റ്റംബര്‍ 26-ാം തീയതി മുതലാണ് ആലപ്പുഴ സ്വദേശി ബിന്ദുകുമാറിനെ കാണാതായത്. 28-ാം തീയതി ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ബിന്ദുകുമാറിന്റെ ബൈക്ക് കോട്ടയം വാകത്താനത്തെ തോട്ടില്‍ കണ്ടെത്തി.

എന്നാല്‍, അടുത്ത ദിവസങ്ങളില്‍ ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ചങ്ങനാശ്ശേരി ഭാഗത്തായിരുന്നെന്ന് തെളിഞ്ഞു. ഇതേ തുടര്‍ന്നാണ് ബിന്ദുകുമാറിന്റെ സുഹൃത്തായ മുത്തുകുമാറിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ മുത്തുകുമാറിനെ കണ്ടെത്താനായില്ലെങ്കിലും ഇയാളുടെ വീട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നതായി പോലീസ് മനസിലാക്കി.

അടുക്കള ഭാഗത്തോട് ചേര്‍ന്ന ഭാഗത്താണ് തറ പൊളിച്ച് വീണ്ടും കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇതോടെയാണ് യുവാവിനെ കൊന്ന് കുഴിച്ചു മൂടിയതാകാം എന്ന സംശയമുണ്ടായത്. ആര്‍ഡിഒയുടെ അനുമതിയോടെ പോലീസ് നടത്തി വീടിന്റെ തറ പൊളിച്ചുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്.

also read- കാത്തിരുന്ന് മോഷ്ടിക്കാന്‍ കയറിയിട്ടും ഒന്നും ലഭിച്ചില്ല; നിരാശരായി കള്ളന്മാര്‍ വീട്ടുസാധനങ്ങള്‍ തല്ലി തകര്‍ത്തു; അല്‍പം ആശ്വാസത്തിന് ഏലയ്ക്കാ കാപ്പിയിട്ടു കുടിച്ചു; സംഭവം അടൂരില്‍

ഗൃഹനാഥനായ മുത്തുകുമാറും മക്കളും കഴിഞ്ഞ മൂന്നു ദിവസമായി വീട്ടിലില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. മൂന്നു ദിവസമായി ഇവരെ വീടിന് പുറത്ത് കണ്ടിട്ടില്ലെന്നും മുത്തുകുമാറിന്റെ ഭാര്യ ഗള്‍ഫിലാണെന്നും മറ്റു വിവരങ്ങള്‍ അറിയില്ലെന്നും സമീപവാസികള്‍ പ്രതികരിച്ചു. അതേസമയം, മുത്തുകുമാര്‍ തങ്ങളുടെ കസ്റ്റഡിയില്‍ ഇല്ലെന്നാണ് പോലീസിന്റെയും പ്രതികരണം.

Exit mobile version