സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച് എസ്‌ഐ പറപറന്നു; നാട്ടുകാര്‍ ഓടിക്കൂടി പെണ്‍സുഹൃത്തിന്റെ വീട്ടില്‍ നിന്നും പോലീസുകാരനെ പൊക്കി പോലീസില്‍ ഏല്‍പ്പിച്ചു!

പത്തനംതിട്ട: സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ എസ്‌ഐയ്ക്ക് എതിരെ വകുപ്പ് തല നടപടി. പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ എസ്‌ഐ സാജന്‍ പീറ്ററിനെ സ്ഥലം മാറ്റിയാണ് നടപടി എടുത്തത്. പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റിയത്.

സംഭവത്തില്‍ തിരുവല്ല ഡിവൈഎസ്പി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടിയുണ്ടായത്. തുടര്‍നടപടികള്‍ക്കായി റിപ്പോര്‍ട്ട് എഡിജിപിയ്ക്കും കൈമാറിയിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് നിരണം ഡെക്ക്ഫാമിന് സമീപത്ത് വെച്ചായിരുന്നു സംഭവം.

സാജന്‍ പീറ്റര്‍ ഓടിച്ച കാര്‍ സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സഹപ്രവര്‍ത്തകന്റെ വിരമിക്കല്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് എസ്‌ഐ ഓടിച്ച കാര്‍ അപകടമുണ്ടാക്കിയത്.

also read- നീതി പ്രതീക്ഷിക്കുന്നില്ല; മര്‍ദ്ദനത്തിന്റെ വീഡിയോ ഇല്ലായിരുന്നെങ്കില്‍ ജയിലില്‍ താന്‍ കിടന്നേനെ; ഒരുപ്രതിയെ പോലും പിടിക്കാത്തിന്റെ നോവില്‍ മക്കളുടെ മുന്നില്‍ വെച്ച് മര്‍ദ്ദനമേറ്റ പ്രേമനന്‍

ഈ സമയത്ത് എസ്‌ഐ മദ്യലഹരിയിലായിരുന്നുവെന്നും ആക്ഷേപമുണ്ട്. അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോയ എസ്‌ഐയെ പിന്നീട് പെണ്‍സുഹൃത്തിന്റെ വീട്ടില്‍നിന്ന് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. കാറിനെ പിന്തുടര്‍ന്നെത്തിയ നാട്ടുകാര്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍നിന്ന് എസ്‌ഐയെ കൈയോടെ പിടികൂടി പുളിക്കീഴ് പോലീസിന് കൈമാറി.

Exit mobile version