നീതി പ്രതീക്ഷിക്കുന്നില്ല; മര്‍ദ്ദനത്തിന്റെ വീഡിയോ ഇല്ലായിരുന്നെങ്കില്‍ ജയിലില്‍ താന്‍ കിടന്നേനെ; ഒരുപ്രതിയെ പോലും പിടിക്കാത്തിന്റെ നോവില്‍ മക്കളുടെ മുന്നില്‍ വെച്ച് മര്‍ദ്ദനമേറ്റ പ്രേമനന്‍

തിരുവനന്തപുരം: കണ്‍സഷന്‍ ആവശ്യത്തിനായി കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ എത്തിയ പിതാവിന് മക്കളുടെ മുന്നില്‍ വെച്ച് ജീവനക്കാരുടെ മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികളെ പിടികൂടാതെ പോലീസ്. സംഭവത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെ പ്രതികരണവുമായി മര്‍ദനത്തിനിരയായ പ്രേമനന്‍ രംഗത്തെത്തി.

പ്രതികളെ ഇനിയും പോലീസ് പിടികൂടിയിട്ടില്ല. പോലീസില്‍ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് മര്‍ദനത്തിനിരയായ പ്രേമനന്‍ പ്രതികരിച്ചു. പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കുമെന്നും അദ്ദേഹം പറയുന്നു.

സെപ്റ്റംബര്‍ 20നാണ് കാട്ടാക്കട ഡിപ്പോയില്‍ വെച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രേമനനേയും മകളേയും ക്രൂര മര്‍ദനത്തിന് ഇരയാക്കിയത്. ഇതുവരെ ഈ കേസില്‍ ഒരു പ്രതിയെ പോലും പിടികൂടിയിട്ടില്ല. ഇത് യൂണിയന്‍ നേതാക്കളുടെ സമ്മര്‍ദ്ദമുണ്ടെന്നാണ് തെളിയുന്നതെന്നും പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ നിയമ വിദഗ്ധരെ കണ്ട് സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്നും പ്രേമനന്‍ പ്രതികരിച്ചു.

കൂടാതെ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയേയും ഡിജിപിയേയും നേരില്‍ കാണാന്‍ ശ്രമിക്കുമെന്നും പ്രേമനന്‍ പറഞ്ഞു. പോലീസ് സംവിധാനം ആരുടേയൊക്കെയോ ചട്ടക്കൂട്ടിലാണെന്നും പൊതുസമൂഹം ഇത് ചര്‍ച്ച ചെയ്യുമെന്നും. നീതികിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും തന്നെ കുറ്റക്കാരനാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ഇല്ലായിരുന്നെങ്കില്‍ താന്‍ ഏതെങ്കിലും ജയിലില്‍ റിമാന്‍ഡില്‍ കഴിയുമായിരുന്നുവെന്നും പ്രേമനന്‍ പറയുന്നു.

ALSO READ- തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി 85700 കോടിയിലധികം; സ്വന്തമായി 14 ടണ്‍ സ്വര്‍ണവും 7123 ഏക്കര്‍ ഭൂമിയും; ലോകത്തെ തന്നെ അമ്പരപ്പിച്ച് തിരുമല ദേവസ്ഥാനത്തിന്റെ സ്വത്ത് വിവരങ്ങള്‍

എന്നാല്‍, അതേസമയം പ്രതികളെ പിടികൂടേണ്ടത് പോലീസാണെന്നും എവിടെ ഒളിച്ചാലും കണ്ടെത്തുമെന്നുമാണ് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചത്. കെഎസ്ആര്‍ടിസിയെ സംബന്ധിച്ച് മാനേജ്മെന്റ് തലത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പ്രതികളെ അന്നേ ദിവസം തന്നെ സസ്പെന്‍ഡ് ചെയ്‌തെന്നും മന്ത്രി വിശദീകരിച്ചു.

Exit mobile version