സ്ത്രീകളെ ശബരിമലയിലെത്തിക്കാന്‍ കരുത്തുള്ള പാര്‍ട്ടിയാണ് സിപിഎം; എന്നാല്‍ പാര്‍ട്ടി അത് ചെയ്യില്ല; സ്വയം ബോധ്യമുള്ള സ്ത്രീകള്‍ വനിതാ മതിലില്‍ പങ്കെടുത്താല്‍ മതി: കോടിയേരി

തിരുവനന്തപുരം: വനിതാ മതിലില്‍ സ്വയം ബോധ്യമുള്ള വനിതകള്‍ മാത്രം വപങ്കെടുത്താല്‍ മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരെയും ഭീഷണിപ്പെടുത്തി മതിലില്‍ പങ്കെടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. സര്‍ക്കാര്‍ പണം ഇല്ലാതെ പരിപാടി സംഘടിപ്പിക്കാന്‍ സാധിക്കുന്ന സംഘടനയാണ് ഇതിന് പിന്നിലുള്ളത്, വനിതാ മതില്‍ സര്‍ക്കാര്‍ പിന്തുണയോടെ വിവിധ സംഘടനകള്‍ നടത്തുന്ന പരിപാടിയാണിതെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ലെന്ന ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും അഭിപ്രായ പ്രകടനം പാര്‍ട്ടി അംഗീകരിക്കുന്നില്ല. വേണമെന്ന് വെച്ചാല്‍ എല്ലാ ദിവസവും സ്ത്രീകളെ ശബരിമലയില്‍ കയറ്റാന്‍ കഴിയുന്ന പ്രസ്ഥാനമാണ് സിപിഎം, എന്നാല്‍, അത് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.

എന്‍എസ്എസ് നേതൃത്വത്തില്‍ വന്ന പലരും മന്നത്തിന്റെ നവോത്ഥാന നിലപാടുകള്‍ പിന്തുടര്‍ന്നില്ല. മതിലില്‍ പങ്കെടുക്കുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്ന നിലപാട് സമദൂരത്തിന് വിരുദ്ധമാണ്. ഈ നിലപാട് എന്‍എസ്എസ് തിരുത്തണമെന്നും കോടിയേരി വ്യക്തമാക്കി.

Exit mobile version