കുറ്റിക്കാട്ടില്‍ നിന്നും കിട്ടിയ ശിശുവിന് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ നീക്കം; തന്റെ കുഞ്ഞെന്ന് സമ്മതിച്ച് തുമ്പോളിയിലെ യുവതിയുടെ കുറ്റസമ്മതം

ആലപ്പുഴ: കുറ്റിക്കാട്ടില്‍ നിന്നും ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ മാതാവിനെ തിരിച്ചറിഞ്ഞു. തുമ്പോളിയില്‍ നിന്നും കണ്ടെത്തിയ നവജാതശിശുവിന്റെ അമ്മ താന്‍ തന്നെയെന്ന് ഒടുവില്‍ യുവതിയുടെ കുറ്റസമ്മതം. രണ്ടുദിവസമായി ആശുപത്രി അധികൃതരുള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും കുഞ്ഞ് തന്റേതല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു യുവതി.

ഇതോടെ പോലീസ് ഡിഎന്‍എ പരിശോധന നടത്താനുള്ള നീക്കം ആരംഭിച്ചതോടെയാണു മനംമാറ്റം. തിങ്കളാഴ്ച ആശുപത്രിയിലെത്തി ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാംപിളുകള്‍ ശേഖരിക്കാന്‍ പോലീസ് നടപടിയെടുത്തിരുന്നു.

ഇതോടെയാണ് ഈ സമയത്താണ് കുഞ്ഞ് തന്റേതാണെന്നു യുവതി പോലീസിനോടു പറഞ്ഞത്. ലേബര്‍ റൂമിലുള്ള യുവതിയെ ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്യും. ഇതിനുശേഷം വിശദമായി മൊഴി രേഖപ്പെടുത്താനാണ് പോലീസ് ശ്രമിക്കുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തുമ്പോളി വികസനം ജങ്ഷനു സമീപത്തെ കുറ്റിക്കാട്ടില്‍നിന്നു നവജാതശിശുവിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. കുറ്റസമ്മതം നടത്തിയ യുവതി താമസിച്ചിരുന്ന വീടിനോടുചേര്‍ന്നാണ് ഈ കുറ്റിക്കാട്. ഇതിന് ഒരുമണിക്കൂര്‍മുമ്പ് രക്തസ്രാവത്തിനു ചികിത്സതേടി യുവതി കടപ്പുറം വനിതാ ശിശു ആശുപത്രിയിലെത്തിയിരുന്നു.

also read- ജീവിതം ചക്രക്കസേരയിലാക്കി, തോറ്റ് കൊടുത്തില്ല; വീൽചെയറിൽ ഭക്ഷണവിതരണം നടത്തി യുവതി, തരംഗമായി വീഡിയോ, അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയ

ഇതോടെയാണ് സംശയമുയര്‍ന്നത്. പരിശോധനയില്‍ യുവതി പ്രസവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചെങ്കിലും താന്‍ പ്രസവിച്ചത് രണ്ടരക്കിലോയുള്ള സ്റ്റോണാണെന്നായിരുന്നു യുവതി പറഞ്ഞത്. ഇത് ഡോക്ടര്‍മാര്‍ വിശ്വസിച്ചില്ല. അവരും നിലപാടില്‍ ഉറച്ചുനിന്നു. ഇതിനിടെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചവരെ കണ്ടെത്തി നിയമനടപടി എടുക്കണമെന്നു പോലീസിനോടാവശ്യപ്പെട്ടത്.

ഇതോടെയാണ് പോലീസ് അന്വേഷണവും ഊര്‍ജിതമായത്. ആലപ്പുഴ നോര്‍ത്ത് പോലീസാണ് കേസന്വേഷിക്കുന്നത്. കുഞ്ഞിനെ കുറ്റിക്കാട്ടിലുപേക്ഷിക്കാന്‍ യുവതിയെ ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.

Exit mobile version