വീട്ടുകാരെ ഭയപ്പെടുത്താൻ ജനലിൽ തുണികെട്ടി അഭിനയിച്ചു; കഴുത്തിൽ കുരുക്ക് വീണ് യുവാവ് മരിച്ചു

പാണത്തൂർ: കാസർകോട് വീട്ടുകാരെ ഭയപ്പെടുത്താനായി തൂങ്ങി മരിക്കുന്നതായി അഭിനയിച്ച യുവാവിന്റെ കഴുത്തിൽ കുരുക്ക് മുറുകി ദാരുണമരണം. പാണത്തൂർ മാവുങ്കാൽ സ്വദേശി ഹരിദാസ് (40) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി വീട്ടിൽ വെച്ചായിരുന്നു സംഭവം. നിർമ്മാണതൊഴിലാളി ആയിരുന്ന ഹരിദാസ് എന്നും മദ്യപിച്ച് വീട്ടിൽ ബഹളം ഉണ്ടാക്കുമായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.

കഴിഞ്ഞദിവസവും മദ്യപിച്ചെത്തിയ ഹരിദാസ് വീട്ടുകാരുമായി കലഹിച്ചിരുന്നു. ഭാര്യയെ ഭയപ്പെടുത്താൻ കിടപ്പുമുറിയിലെ ജനാല കമ്പിയിൽ തുണികൊണ്ട് കെട്ടി കഴുത്തിൽ ഇട്ടിരുന്നു. ഇതിനിടെ അബദ്ധത്തിൽ തുണി കഴുത്തിൽ കുരുങ്ങുകയായിരുന്നെന്നാണ് റിപ്പോർട്ട്. നേരത്തെയും ഇയാൾ പലതവണ തൂങ്ങി മരിക്കുന്ന രംഗം വീട്ടുകാരെ അഭിനയിച്ചു കാട്ടാറുണ്ടായിരുന്നു. അതിനാൽ വീട്ടുകാർ ഈ സംഭവം കാര്യമായെടുത്തില്ല.

പിന്നീട് സംഭവം കാര്യമായെന്ന് മനസിലായതോടെ വീട്ടുകാർ പരിസരവാസികളെ വിവരമറിയിച്ചു. ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം തിങ്കളാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

also read- ഗോകുലിന്റെ സെൽഫിയിൽ ചിരിച്ച് താര കുടുംബം; വൈറലായി സുരേഷ് ഗോപിയുടെ കുടുംബചിത്രം

കൊട്ടൻ- കാർത്തിയായിനി ദമ്പതികളുടെ മകനാണ്. ജീനയാണ് ഭാര്യ. ആദർശ്, ആകാശ് എന്നിവർ മക്കളാണ്. സഹോദരൻ രതീഷ്.

Exit mobile version