കാസർകോട് നടന്ന മോക് പോളിൽ ബിജെപിക്ക് പോൾ ചെയ്തതിനേക്കാൾ കൂടുതൽ വോട്ട്; പരിശോധിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ബുധനാഴ്ച കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ നടന്ന മോക് പോളിൽ ബിജെപിക്ക് പോൾ ചെയ്തതിനെക്കാൾ വോട്ട് ലഭിച്ചെന്ന ആരോപണം പരിശോധിക്കാൻ സുപ്രീംകോടതി നിർദേശം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോടാണ് കോടതി നിർദേശിച്ചത്.

ബിജെപിക്ക് പോൾ ചെയ്തതിനേക്കാൾ കൂടുതൽ വോട്ട് കിട്ടിയ കാര്യം അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയത്. മാധ്യമ വാർത്തകൾ സമർപ്പിച്ചായിരുന്നു ഇക്കാര്യം കോടതിയെ അറിയിച്ചത്.

തുടർന്ന് വിഷയം പരിശോധിക്കാൻ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ മുഴുവൻ വിവി പാറ്റ് രസീതുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികളിൽ സുപ്രീംകോടതിയിൽ വാദം കേൾക്കൽ പുരോഗമിക്കുമ്പോഴായിരുന്നു പ്രശാന്ത് ഭൂഷൺ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

also read- പ്രണയനഷ്ടത്തില്‍ കാമുകന്‍ ആത്മഹത്യ ചെയ്താല്‍ കാമുകി ഉത്തരവാദിയല്ല; ഡല്‍ഹി ഹൈക്കോടതി

വിവി പാറ്റ് ബോക്‌സിലെ ലൈറ്റ് മുഴുവൻസമയവും ഓൺ ചെയ്തിതിടാൻ നിർദേശിക്കണമെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയിൽ ആവശ്യപ്പെട്ടു. ഇതിലൂടെ സ്ലിപ്പ് ബാലറ്റ് ബോക്‌സിലേക്ക് വീഴുന്ന പ്രക്രിയ വോട്ടർമാർക്ക് കാണാൻ കഴിയുമെന്നും അദ്ദേഹം കോടതിയെ ധരിപ്പിച്ചു.

Exit mobile version