‘ഭയങ്കര പ്രതീക്ഷയോടെയാണ് കോടതിയിൽ വന്നത്, ഒന്നും പറയാൻ കിട്ടണില്ല’; കോടതിക്ക് പുറത്ത് പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ

കാസർകോട്: കാസർകോട്ടെ മദ്രസാധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെവിട്ട വിധികേട്ട് കോടതിയിൽ പൊട്ടിക്കരഞ്ഞ് ഭാര്യ സയീദ.തന്റെ ഭർത്താവിനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളെയും വെറുതെവിട്ട് കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉത്തരവിട്ട്. ഈ വിധിയെ സംബന്ധിച്ച് പ്രതികരണങ്ങൾ തേടി മാധ്യമങ്ങൾ സമീപിച്ചപ്പോഴായിരുന്നു സയീദ വാക്കുകൾ കിട്ടാതെ പൊട്ടിക്കരഞ്ഞത്.

ശനിയാഴ്ച രാവിലെ റിയാസ് മൗലവി വധക്കേസിൽ വിധികേൾക്കാനായി മൗലവിയുടെ ഭാര്യ സയീദയും കുഞ്ഞും കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെത്തിയിരുന്നു. എന്നാൽ, പ്രതികളെ വെറുതെവിട്ടെന്ന വിധി വന്നതിന് പിന്നാലെ സയീദ ദുഃഖം സഹിക്കാനാകാതെ കരയുകയായിരുന്നു.

.’ഭയങ്കര പ്രതീക്ഷയോടെയാണ് കോടതിയിൽ വന്നത്, ഒന്നും പറയാൻ കിട്ടണില്ല. എന്ത് പറയണമെന്നും അറിയില്ല’, വിധിപ്രസ്താവത്തിന് ശേഷം കണ്ണീരോടെ സയീദ മാധ്യമങ്ങളോട് പറഞ്ഞു. കോടതിക്ക് മുന്നിൽ നൂറോളം സാഹചര്യത്തെളിവുകളടക്കം നിരത്തിയതായി പ്രോസിക്യൂഷനും പ്രതികരിച്ചിട്ടുണ്ട്. കേസിലെ വിധി പഠിച്ചശേഷം മേൽക്കോടതിയെ സമീപിക്കുന്ന കാര്യത്തിലടക്കം മുന്നോട്ടുപോകുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികളും പറഞ്ഞു.

ALSO READ- ബംഗളൂരു നഗരത്തിലെ പിജികളിൽ നിന്ന് ലാപ്‌ടോപ് മോഷണം പതിവാക്കിയ ഐടി കമ്പനി ജീവനക്കാരി പിടിയിൽ; പിടിച്ചെടുത്തത് പത്ത് ലക്ഷം വിലവരുന്ന ലാപ്‌ടോപുകൾ

എന്നാൽ, ഇതുവരെ ഇടക്കാല ജാമ്യമോ പരോളോ കിട്ടാത്ത ചെറുപ്പക്കാർക്ക് നീതി ലഭ്യമായെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ പ്രതികരണം. കാസർകോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ കേളുഗുഡെയിലെ ആർഎസ്എസ് പ്രവർത്തകരായ അജേഷ് എന്ന അപ്പു, നിതിൻകുമാർ, അഖിലേഷ് എന്നിവരാണ് പ്രതികൾ. ഇവരെ മൂവരേയും വെറുതെവിട്ടുകൊണ്ട് കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ശനിയാഴ്ച ഉത്തരവിടുകയായിരുന്നു. മുഴുവൻ പ്രതികളെയും വെറുതെവിട്ടു എന്ന ഒറ്റവരിയിലായിരുന്നു വിധിപ്രസ്താവം.

കർണാടക കുടക് സ്വദേശിയായിരുന്നു 27കാരനായ മുഹമ്മദ് റിയാസ് മൗലവി. ഇദ്ദേഹം താമസിക്കുന്ന പള്ളിക്ക് സമാപത്തെ മുറിയിൽ അതിക്രമിച്ച് കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. 2017 മാർച്ച് 21-ന് പുലർച്ചെയായിരുന്നു സംഭവം.

Exit mobile version