ബംഗളൂരു നഗരത്തിലെ പിജികളിൽ നിന്ന് ലാപ്‌ടോപ് മോഷണം പതിവാക്കിയ ഐടി കമ്പനി ജീവനക്കാരി പിടിയിൽ; പിടിച്ചെടുത്തത് പത്ത് ലക്ഷം വിലവരുന്ന ലാപ്‌ടോപുകൾ

ബംഗളൂരു: നഗരത്തിലെ സ്ത്രീകൾ കതാമസിക്കുന്ന പിജി(പേയിങ് ഗസ്റ്റ്) ഹോസ്റ്റലുകളിൽനിന്ന് ലാപ്ടോപ്പുകൾ മോഷ്ടിക്കുന്നത് പതിവാക്കിയ യുവതി പിടിയിൽ. രാജസ്ഥാൻ സ്വദേശിനിയും സ്വകാര്യ ഐടി കമ്പനിയിലെ മുൻ ജീവനക്കാരിയുമായ ജാസു അഗർവാൾ(29) ആണ് ബംഗളൂരു പോലീസിന്റെ പിടിയിലായത്. യുവതിയുടെ പക്കൽനിന്ന് പത്തുലക്ഷത്തോളം രൂപ വിലവരുന്ന 24 ലാപ്ടോപ്പുകളും കണ്ടെടുത്തു.

കഴിഞ്ഞ രണ്ടുവർഷമായി നഗരത്തിലെ വിവിധ ഹോസ്റ്റലുകളിൽനിന്നായി യുവതി നിരവധി ലാപ്ടോപ്പുകൾ മോഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ എച്ച്എഎൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ലാപ്ടോപ്പും ചാർജറും മൗസും മോഷണം പോയെന്ന കേസിൽ നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത് എന്ന് ബംഗളൂരു കമ്മീഷണർ ബി ദയാനന്ദ മാധ്യമങ്ങളെ അറിയിച്ചു.

ഐടി കമ്പനികളുടെ സമീപം പ്രവർത്തിക്കുന്ന ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചാണ് യുവതി മോഷണം നടത്തിയിരുന്നത്. മാറത്തഹള്ളി, ടിൻ ഫാക്ടറി, ബെല്ലന്ദൂർ, സിൽക്ക്ബോർഡ്, വൈറ്റ്ഫീൽഡ്, മഹാദേവ്പുർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നെല്ലാം ലാപ്ടോപ്പ് മോഷ്ടിച്ചിരുന്നു. ഇവയിൽ പലതും മാറത്തഹള്ളിയിലെയും ഹെബ്ബാളിലെയും കടകളിൽ മറിച്ചുവിൽക്കുന്നതായിരുന്നു പതിവ്.

ALSO READ- ഒഴിവുകാലത്തെ കുറുമ്പുകൾ കുറിച്ചിടാൻ! വിദ്യാർത്ഥികൾക്ക് അവരുടെ മുഖചിത്രമുള്ള നോട്ട്ബുക്ക് സമ്മാനിച്ച് വൈശാഖ് മാഷ്; കിടിലൻ സർപ്രൈസിൽ തുള്ളിച്ചാടി കുട്ടികൾ

എച്ച്എഎൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇതെല്ലാം കണ്ടെടുത്തതായും കമ്മീഷണർ അറിയിച്ചു. അതിനിടെ, കോവിഡ് കാലത്ത് ജാസുവിന് ജോലി നഷ്ടമായിരുന്നു എന്നും ഇതിന് പിന്നാലെയാണ് ജാസു അഗർവാൾ ലാപ്ടോപ്പ് മോഷണം ആരംഭിച്ചതെന്നുമാണ് ‘ഇന്ത്യാടുഡേ’ റിപ്പോർട്ടിൽ പറയുന്നത്.

മോഷ്ടിച്ച ലാപ്ടോപ്പുകളിൽ ചിലതെല്ലാം സ്വന്തം നാട്ടിലെത്തി കരിഞ്ചന്തയിലും വിറ്റഴിച്ചിരുന്നു. ഹോസ്റ്റലുകളിൽ ആളില്ലാത്ത മുറികളിലും കയറിയായിരുന്നു യുവതിയുടെ മോഷണം.

Exit mobile version